December 3, 2009

നീലത്താമര- മുഷിഞ്ഞു നാറിയ ഒരു സിനിമ

ലാൽ ജോസിന്റെ പരാജയം.

എം ടി യുടെ ദയനീയ പരാജയം.

പുതിയ ചലച്ചിത്ര ഭാവുകത്വത്തിനു നേരെ പുറം തിരിഞ്ഞു നിൽക്കുന്ന മുഷിഞ്ഞു നാറിയ ഒരു സിനിമ.

അതാണ്‌ നീലത്താമര.


സിനിമ എന്ന മാധ്യമം കാലഘട്ടത്തിന്റെ മുദ്രകളുള്ള ഒരു ഒപ്പു കടലാസാണ്‌.ജനജീവിതത്തിന്റെ ,സംസ്കാരത്തിന്റെ,വേഷങ്ങളുടെ,സംഗീതത്തിന്റെ, സമരങ്ങളുടെ,കീഴടങ്ങലുകളുടെ,കീഴ്പ്പെടുത്തലുകളുടെ- അങ്ങനെ വർത്തമാനകാലത്തിന്റെ സമഗ്രമായ ഓർമപ്പെടുത്തലാണ്‌.
ഒരു നല്ല സിനിമ അതിന്റെ സമകാലീനമായ പ്രകാശങ്ങളെ കാലങ്ങൾക്കപ്പുറത്തേക്കു എപ്പോഴും പ്രസരിച്ചുകൊണ്ടേയിരിക്കും.


പ്രമേയത്തിന്‌ അൽപം പോലും മൂല്യം അവകാശപ്പെടാനില്ലാത്ത,അതി സാധാരണമായ ഒരു സിനിമ വർഷങ്ങൾക്കു ശേഷം പിന്നെയുമെടുക്കാൻ പ്രേരിപ്പിച്ചതെന്തായിരിക്കും..?


നീലത്താമര, ക്ലീഷേകളുടെ ഒരു സമാഹാരമാണ്‌.മനം മടുപ്പിക്കുന്ന പ്രമേയം.ഏതു ചലച്ചിത്ര നിരക്ഷരനും കൃത്യമായി പ്രവചിക്കാവുന്ന വിധം സംവിധാനം ചെയ്യപ്പെട്ട സിനിമ.നായകൻ നായികയെ ഇപ്പോൾ പുറകിൽ നിന്നും എടുത്തുയർത്തുമെന്നും അമ്മിയിൽ അരച്ചുകൊണ്ടിരിക്കുന്ന നാളികേരത്തിൽ നിന്നും ഒരു കഷണമെടുത്തു വായിലിടുമെന്നും ആർക്കാണറിഞ്ഞുകൂടാത്തത്‌..?


ഒരു പാടു പ്രതീക്ഷകളുണ്ടായിരുന്നു.

മലയാള സിനിമയിൽ വ്യക്തമായ മാധ്യമാവബോധമുള്ള അപൂർവ്വം സംവിധായകരിൽ ഒരാളായ ലാൽ ജോസ്‌.

മുഖ്യധാരയോട്‌ ചേർന്നു നിന്നുകൊണ്ടു തന്നെ തിരക്കഥയിൽ പുതിയ ഭാഷ്യം കണ്ടെത്തിയ എം ടി.

ഇവരാണ്‌ ഒരുമിച്ചത്‌!
ഉത്തരം കിട്ടാത്ത ചോദ്യങ്ങളിവയാണ്‌.
എന്തുകൊണ്ടു പഴയൊരു തിരക്കഥ വീണ്ടും..?

ഇനി പഴയതു തന്നെ മതിയെന്നുണ്ടെങ്കിൽ എന്തു കൊണ്ട്‌ നീലത്താമര പോലെയൊന്ന്..?

എം ടി,പുതിയ തലമുറയുടെ മുന്നിലേക്ക്‌, എന്തിന്‌ ഇത്രയും അർത്ഥശൂന്യമായ തിരക്കഥയുമായി കടന്നു വന്നു..?
ഓരോ ദിവസവും ലോകത്തെമ്പാടും ചലച്ചിത്രങ്ങളിൽ പുതിയ ആസ്വാദനത്തിന്റെ താഴ്‌വരകൾ കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്നോർക്കണം. ചലിക്കുന്ന ഒരു ചിത്രമെന്ന കേവല സാങ്കേതികതയിൽ നിന്നും സിനിമയെ സർഗാതമകമാക്കിത്തീർക്കുന്നത്‌ ഈ ആസ്വാദനപരതയാണ്‌.
കാഴ്ചയുടെ പുതിയ അവബോധത്തിന്‌ എന്ത്‌ നൽകാൻ കഴിഞ്ഞു നീലത്താമരയ്ക്ക്‌?


എം ടിയുടെ തിരക്കഥകളുടെ എന്നത്തേയും സവിശേഷത,അവയിലെ ധ്വനിസാന്ദ്രമായ ഒരു മുഴക്കമാണ്‌. അത്‌ പ്രകടമായിത്തുടങ്ങുന്നതിനും മുൻപാണ്‌ നീലത്താമര എഴുതപ്പെടുന്നത്‌.അത്‌ വീണ്ടും സിനിമയാക്കാൻ അനുവദിക്കുക വഴി എം ടി ചെയ്തത്‌ ചരിത്രപരമായ അബദ്ധം തന്നെയാണ്‌.


പുതിയ നീലത്താമര എം ടി യെ എങ്ങനെയാണ്‌ അടയാളപ്പെടുത്തുന്നത്‌..?


വലിയ വീട്ടിലെ പയ്യനും വേലക്കാരിപ്പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ!

എം ടി യുടെ എഴുത്തിന്റെ ഏതു മുദ്രകളാണ്‌ ഇതിലുള്ളത്‌?പെരുന്തച്ചൻ,സദയം,പരിണയം,സുകൃതം തുടങ്ങി എം ടി നടത്തിയ 'മാജിക്‌' പോലെ മറ്റൊന്ന് എന്തുകൊണ്ട്‌ രൂപപ്പെട്ടില്ല..?
ആത്മാഭിമാനമുള്ള സ്ത്രീയുടെ ധീരമായ ചെറുത്തുനിൽപുകളുടെ കഥ,പഞ്ചാഗ്നിയിലും പരിണയത്തിലുമൊക്കെ നമുക്കു കാണിച്ചു തന്ന എം ടി, എന്തു കൊണ്ട്‌ കുഞ്ഞിമാളുവിനെപ്പോലെ തീർത്തും അബലയായ ഒരു കഥാപാത്രത്തിലേക്കു തിരിച്ചു പോയി? നേരിയ ചെറുത്തുനിൽപു പോലും നടത്താതെ യുവാവായ യജമാനന്റെ ഭോഗത്തിന്‌ തീർത്തും കീഴടങ്ങിയ കുഞ്ഞിമാളുവിനെ വീണ്ടും പകർത്തുക വഴി,പഴയ നാറിയ ഫ്യൂഡൽ പല്ലുകൾ ഒന്നു ടൂത്‌ പേസ്റ്റിട്ടു വെളുപ്പിച്ചു. അതിൽ കൂടുതലെന്ത്‌..?
ലാൽ ജോസിന്റെ സിനിമ കാണാനെത്തുന്ന പുതിയ തലമുറയിലെ പ്രേക്ഷകർക്കു മുൻപിലേക്കു ഇങ്ങനെയൊരു എം ടി യെ ആയിരുന്നില്ല കൊടുക്കേണ്ടിയിരുന്ന ത്‌.


എം ടി പരാജയപ്പെട്ടതു പോലെത്തന്നെയാണ്‌ ലാൽജോസിന്റെ വീഴ്ചയും.

നീലത്താമര ഒരു പ്രണയബന്ധത്തിന്റെ കഥയാണു പോലും!

ഇതിലെവിടെ പ്രണയം..?

ഒരു പ്രണയ ചിത്രീകരണം മനോഹരമാവണമെങ്കിൽ, അതിന്റെ രൂപപ്പെടലും ക്രമാനുഗതമായ വളർച്ചയും അനുഭവവേദ്യമാകണം.ഇവിടെ ഇതു രണ്ടുമില്ല.


ആദ്യത്തെ കാഴ്ച മുതൽ ശാരീരിക ബന്ധം വരെയെത്തിയ പ്രണയത്തിന്റെ ചിത്രീകരണം അരോചകമായിപ്പോയി. അതുമാത്രമല്ല, അതിനിടയിൽ തിരുകിക്കയറ്റിയ 'അനുരാഗ വിലോചനൻ' എന്ന ഗാനചിത്രീകരണം കൊണ്ട്‌ അസഹനീയമാവുകയും ചെയ്തു.
ലാൽ ജോസ്‌ തന്നെയാണോ ഈ സിനിമ സംവിധാനം ചെയ്തത്‌ !

നിലവാരമില്ലാത്ത വരികളും സംഗീതവും ആലാപനവും കൊണ്ട്‌ അസഹ്യമായിത്തെർന്ന മൂന്നു പാട്ടുകളുണ്ട്‌ സിനിമയിൽ !
അങ്ങനെ എല്ലാ രീതിയിലും നിരാശപ്പെടുത്തുന്ന ഒരു സിനിമ !


വാല്‌:

പത്രവാർത്ത- 'നീലത്താമര കണ്ട്‌ എം ടി, ലാൽ ജോസിനെ അഭിനന്ദിച്ചു.'

ഹ ഹ ഹ ഹ....

September 7, 2009

എക്സേഞ്ച്‌ ഓഫർ

എക്സേഞ്ച്‌ ഓഫറുകളുടെ ഉത്സവത്തെ മലയാളി ഓണം എന്നാണ്‌ വിളിക്കാറുള്ളത്‌.

ഗ്രാമ്യമായ ഓണത്തിന്റെ ഓർമത്തുമ്പികൾ ഇടക്കിടെ വന്നിരുന്നു ശല്യം ചെയ്യുന്ന ഒരു പഴയ പ്രോസസ്സർ ആണോ നിങ്ങളുടെ ഹൃദയം..?
ഒരു പഴയ പെന്റിയം 3..?
എങ്കിൽ ഉടനെ എക്സേഞ്ച്‌ ചെയ്തു ഒരു പുതിയ കോർ 2 ഡുവോ വാങ്ങൂ...ഉൽകണ്ഠകളുടെയും വ്യാകുലതകളുടേയും വൈറസ്സുകളെ അതു ചെറുത്തുകൊള്ളും.

ജീവിതത്തിനെ അതിന്റെ എല്ലാ വക്രതകളിലൂടെയും ക്രമരാഹിത്യങ്ങളിലൂടെയും കടുത്ത നിറങ്ങളിലൂടെയും കടുത്ത വെളിച്ചത്തിലൂടെയും കറുപ്പിലൂടെയും കാണിച്ചു തന്നിരുന്ന ഒരു പഴയ സി ആർ ടി സ്ക്രീൻ ആണോ നിങ്ങളുടെ കാഴ്ച..?
എങ്കിൽ ഉടനെ എക്സേഞ്ച്‌ ചെയ്ത്‌ ഒരു ഫ്ലാറ്റ്‌ സ്ക്രീൻ വാങ്ങൂ...
കാഴയുടെ ഭിന്നതകളെ വ്യാജമായ ഒരു ഏകമാനതയിലൊളിപ്പിച്ച്‌ അതു നിങ്ങളെ ആനന്ദഭരിതരാക്കും.

അങ്ങനെ നിങ്ങളെ അടിമുടിയൊന്ന് എക്സേഞ്ച്‌ ചെയ്യാനുള്ള അവസരമാണിത്‌. പാഴാക്കരുത്‌.

August 16, 2009

ഋതു-മനസ്സിനെ പുഷ്പിക്കുന്ന ഒരു സിനിമ

പ്രമേയത്തിന്റെ ഗരിമ.

അഭിനയത്തിന്റെ ചാരുത.

ഋതു,സമാനതകളില്ലാത്ത സിനിമയാണ്‌.സമകാലീന ഇന്ത്യൻ സിനിമകളിലുണ്ടായ ഏറ്റവും കാലികവും ശക്തവുമായ പ്രമേയമുള്ള സിനിമ.


ഋതുവിനെ വ്യത്യസ്തമാക്കുന്ന് ഒരു പാടു ഘടകങ്ങളുണ്ട്‌.
ഒന്ന്:പരിസരം. ഐ ടി മേഖലയെ സൂക്ഷ്മമായി നിരീക്ഷിച്ച്‌, പരമാവധി സത്യസന്ധമായി ചിത്രീകരിക്കാനുള്ള ശ്രമം.
രണ്ടു: ആഗോളീകരണ വ്യഗ്രതകൾക്കിടയിലും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന ചില തുരുത്തുകളുടെ വീണ്ടെടുക്കൽ.
മൂന്ന്: സഹജീവിയുടെ വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങുന്ന ചില നിമിഷങ്ങൾ...(അതെ, തീർച്ചയായും അതൊരു കമ്മ്യുണിസ്റ്റിന്റെ വേദനയാണ്‌...)

നാല്‌: ഋതുഭേദങ്ങൾക്ക്‌ ഒരിക്കലും മായ്ച്ചു കളയാനാവാത്ത വിധം വേരുറച്ചു പോയ ചില മൂല്യങ്ങളുടെ സ്ഥിരത.
അങ്ങനെ ഒരുപാടുണ്ട്‌.

ജോഷ്വാ ന്യൂട്ടന്റെ അതീവ ഭദ്രമായ തിരക്കഥ.എടുത്തു പറയേണ്ട മറ്റൊന്ന്‌ ഇതിലെ സംഭാഷണങ്ങളാണ്‌.മലയാള സിനിമ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ലാത്ത വിധം പക്വമായ സംഭാഷണങ്ങൾ.ശ്യാമപ്രസാദിന്റെ സംവിധാനം പതിവുപോലെ ക്ലാസിക്‌.


സിനിമയുടെ ജീവൻ എന്നു തീർത്തും പറയാവുന്നത്‌ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പാണ്‌.മൂന്നു പുതുമുഖങ്ങളും കഥാപാത്രങ്ങളോട്‌ പരമാവധി നീതി പുലർത്തി.എങ്കിലും ശരത്‌ വർമയെ അവതരിപ്പിച്ച നിഷാൻ അഭിനന്ദനങ്ങൾക്കതീതനായി ഉയർന്നു നിൽക്കുന്നു.ശരത്തിനെ മനസ്സിലേക്കു കുടിയേറ്റിക്കൊണ്ടാണ്‌ തിയേറ്റർ വിട്ടിറങ്ങിയത്‌.അത്രക്കു ഹൃദയസ്പർശിയാണ്‌ നിഷാന്റെ അഭിനയം.ഇതാ ഒരു വാഗ്ദാനം എന്നു നിസ്സംശയം പറയാം.


ഞാനടക്കം,ഐ ടി മേഖലയിലുള്ളവർക്കു ഋതു വിനെ പെട്ടെന്നു വായിക്കാനവും,കാരണം, ഇവിടെ ഒരു പാടു പേരുണ്ട്‌,ഉള്ളിന്റെയുള്ളിൽ ഒരു ശരത്‌ വർമയേയും പേറി നടക്കുന്നവർ...
ലിഫ്റ്റിൽ, തിങ്ങി നിറഞ്ഞു നിൽക്കുന്ന ഐ ടി പ്രോഫഷണലുകൾക്കിടയിൽ, ഭയചകിതനായി, അരക്ഷിതനായി നിൽക്കുന്ന ആ തൊഴിലാളിയുടെ ദയനീയമായ മുഖത്തിന്റെ ഒരൊറ്റ വിഷ്വൽ മതി ,സിനിമയുടെ പ്രമേയത്തിന്റെ ആഴം മനസ്സിലാക്കാൻ.

പ്രിയപ്പെട്ട ശ്യാമപ്രസാദ്‌,ഒരു പാടു നന്ദി.ഞങ്ങളുടെയൊക്കെ ഉള്ളിലുറങ്ങിക്കിടന്ന ശരത്‌ വർമക്ക്‌ പുതിയൊരു ഊർജ്ജം പകർന്നു തന്നതിന്‌...

നന്ദി.

July 4, 2009

ജൂൺ- ഒരു വേദന

എന്റെ മകൾ ഇന്ന് സ്കൂളിലേക്ക്‌ പോയി.
എഴുത്താണി ബാഗിലിട്ട്‌,
കവിളിലെ ഉമ്മ നുണഞ്ഞ്‌,
മൊട്ടക്കുന്നിലൂടെ,
തെച്ചിക്കാട്ടിലൂടെ,
മകൾ സ്കൂളിലേക്ക്‌ പോയി.

അടുക്കളക്കുള്ളില്‍ അവളുടെ ചിരി.
കൈത്തണ്ടയിൽ അവളുടെ ചുംബനം.
പ്രഭാതം ഇനിയൊരു വേദനയാണ്‌.
നിനക്കവിടെ സുഖം തന്നെയല്ലേ..?

അവളുടെ കണ്ണുകൾ ആകാശമേറ്റുവാങ്ങും.
അതിലൂടെ മഴ ഒലിച്ചിറങ്ങും.
കണ്ണുനീർ ജനൽക്കമ്പികളേറ്റുവാങ്ങും.
അങ്ങനെയവ തുരുമ്പിക്കും..

എനിക്കു തോന്നുന്നു,വടിയോങ്ങുന്ന ടീച്ചർക്ക്‌ ഇന്ദ്രിയങ്ങളില്ലെന്ന്.

ഉച്ച.
സങ്കടത്തിന്റെ ചുടുകാറ്റ്‌.
മകളേ, ചോറ്റുപാത്രം തുറന്നു വെക്കൂ.
കാച്ചിയ മോരിന്‌, വീടിന്റെ,
വീട്ടിലെ അമ്മയുടെ,
അമ്മയുടെ വിയർപ്പിന്റെ ഗന്ധമാണുള്ളത്‌.

സന്ധ്യ.
നീ എന്താണ്‌ വൈകുന്നത്?
എനിക്കറിയാം,നിന്റെ വഴികളിൽ തെച്ചിക്കാടുകളുണ്ട്‌.
മൊട്ടക്കുന്നുകളും.
പക്ഷേ,പഴയ ഓട്ടുചിലമ്പിന്റെ സുരക്ഷിതത്വമില്ല..!
ആ കാട്ടുപൊന്തകളിലാണ്‌ കുപ്പിവളകൾ പൊട്ടിച്ചിതറാറുള്ളത്‌.
കുന്നിന്റെ അങ്ങേച്ചെരിവിലൂടെ ,ചുവന്ന രശ്മികളെല്ലാം നടന്നു മറഞ്ഞു.
ആകാശം നിന്റെ മുന്നിലൊരു കറുത്ത വിരിപ്പു വിരിച്ചു തുടങ്ങിയിട്ടുണ്ടാവും.
നീ വൈകുന്നതെന്താണ്‌..?

June 29, 2009

വികാര നൗക തിരമാലകൾക്കുള്ളിൽ മറഞ്ഞു....


ഓട്ടുചിലമ്പുകളുറങ്ങുന്ന,മാറാല കെട്ടിയ മുറിയിലിരുന്ന് ബാലൻ മാഷ്‌ നിശ്വസിച്ചു.
ചുവന്ന ചക്രവാളത്തിലേക്കു നോക്കി അച്ചൂട്ടി ഏകനായി കടപ്പുറത്തിരുന്നു.
രക്തം പുരണ്ട ഒരു പിടി മണ്ണു കയ്യിലെടുത്ത്‌ സേതു തേങ്ങിക്കരഞ്ഞു.
അവസാന മണിയൊച്ചയും നിലച്ച പഴയ ക്ലോക്കിനു മുന്നിൽ വിദ്യാധരൻ നിശ്ശബ്ദനായി.
എല്ലാവരും ഒരു നിമിഷം കൊണ്ടു അനാഥരായ പോലെ.
എല്ലാവരേയും ജനിപ്പിച്ച ആ തൂലികയിലെ മഷിയുണങ്ങിക്കഴിഞ്ഞു.....
വികാര നൗക തിരമാലകൾക്കുള്ളിൽ മറഞ്ഞു....

June 27, 2009

ഭ്രമരം - പഴയ വീഞ്ഞ്‌ ,മോഹൻലാലെന്ന കുപ്പിയിൽ

ഭ്രമരം കണ്ടിറങ്ങിയപ്പോൾ മനസ്സ്‌ ശൂന്യമായിരുന്നു.പ്രത്യേകിച്ചൊന്നും തോന്നിയില്ല.കാഴ്ചയും തന്മാത്രയും കണ്ടു മനസ്സ്‌ വിങ്ങി നിറഞ്ഞതു വെറുതെ ഓര്‍ത്തു പോയി.

ഒരേയൊരു മേന്മയും ഒരുപാടു പോരായ്മകളും ആണ് ഈ സിനിമ.ആ ഒന്നു മോഹന്‍ലാലിന്റെ അഭിനയമാണ്‌.ഈ മനുഷ്യന്‍ എങ്ങനെ അഭിനയത്തിന്റെ ഒരു പാഠപുസ്തകമാവുന്നു എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സിനിമ.

നിരാശകളിൽ ഏറ്റവും പ്രധാനമായത്‌ സിനിമയുടെ പ്രമേയത്തിന്റെ ദൗർബല്യവും വിരസതയും തന്നെയാണ്.എത്രയോ സിനിമകളിൽ കണ്ടു പഴകിയ,മടുപ്പിക്കുന്ന, അതിനാടകീയമായ ഒരു കഥ. കാഴ്ചയുടേയും തന്മാത്രയുടേയും പ്രമേയങ്ങളിൽ ബ്ലെസ്സി കാണിച്ചിരുന്ന അസാധാരണമായ കയ്യടക്കവും ഭദ്രതയും എവിടെപ്പോയി..?

നഗരവാസിയായ സുഹൃത്തിന്റെ വീട്ടിലേക്ക്‌ ഒരു നാൾ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന,നാടനും പരുക്കനും വിചിത്രസ്വഭാവിയും എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി- ഇതായിരിക്കാം കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്ന ത്രെഡ്‌.തീർച്ചയായും മനോഹരമായ ഒരു സിനോപ്സിസ്‌ ആണിത്‌.

പക്ഷേ,അതിന്റെ ട്രീറ്റ്മെൻഡിൽ സിനിമ പരാജയപ്പെട്ടു.എന്തൊക്കെയോ സംഭവിക്കാൻ പോവുന്നു എന്നു ഒരോ നിമിഷവും തെറ്റിദ്ധരിപ്പിച്ച്‌ രണ്ടര മണിക്കൂർ നീട്ടിക്കൊണ്ടുപോവുന്നു.ഒടുവിൽ അതിസാധരണവും പഴകിപ്പതിഞ്ഞതുമായ ഒരു ക്ലൈമാക്സ്‌ കാണിച്ച്‌ നിരാശരാക്കുന്നു.
ഒരു മലയുടെ മുകളിലേക്കു കയറി,ഒടുവിൽ താഴെ കുഴിയിലേക്ക്‌ എടുത്തെറിയപ്പെടുന്ന അവസ്ഥ.കഥാകൃത്തിന്റെ മനസ്സിൽപോലും വ്യക്തമായ കഥയില്ലായിരുന്നു എന്നു വേണം കരുതാൻ.

ബാല്യകാലത്ത്‌ നടന്ന ഒരു ദുരന്തത്തിൽ കൂട്ടുകാരാൽ ചതിക്കപ്പെട്ട്‌ ജുവനെയിൽ ഹോമിൽ പോവുന്നതും വർഷങ്ങളോളം സംഭവങ്ങൾ മൂടി വെക്കപ്പെടുന്നതും,ഒടുവിൽ ഭാര്യ തെറ്റിദ്ധരിച്ച്‌ പിണങ്ങിപ്പോവുന്നതുമെല്ലാം ബ്ലെസ്സിയെപ്പോലൊരാൾ എടുക്കേണ്ട പ്രമേയങ്ങളാണോ..?
ഒരു മാതിരി ബെന്നി പി നായരമ്പലം എഴുതിയ തിരക്കഥ പോലെ....!!

ഗാനങ്ങളൊക്കെ പരാമർശയോഗ്യം പോലുമല്ലാത്ത വിധം നിലവാരമില്ലാത്തതായിപ്പോയി.ഒരു ഗാനചിത്രീകരണത്തിൽ ഭൂമികയെ ധരിപ്പിച്ച വേഷം കണ്ട്‌ ചിരി വന്നു പോയി.പൊക്കിളിനു വളരെ താഴെ മുണ്ടുടുപ്പിച്ച്‌,വയർ മുഴുവനായും നഗ്നമാക്കി,പുരുഷപ്രേക്ഷകന്റെ വൃത്തികെട്ട നോട്ടങ്ങളെ തൃപ്തിപ്പെടുത്താനുള്ള ആ ശ്രമം എന്തിനു വേണ്ടിയാണ്‌...?
ഇത്തരം പഴഞ്ചൻ പാഴ്‌വേലകൾ, കാഴ്ചയും തന്മാത്രയുമെടുത്ത ഒരു സംവിധായകനിൽ നിന്നായത്‌ ദുഃഖകരമായിപ്പോയി.

മറ്റൊന്ന്, ഇതിലെ മദ്യപാന രംഗങ്ങളുടെ ആധിക്യമാണ്‌.ഒരു കഥാപാത്രത്തെ ആവിഷ്ക്കരിക്കാൻ ഇത്രയധികം മദ്യപാനം കാണിക്കുന്നതു ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ല.ഇതില്ലാതെ ഒരു കഥാപാത്രത്തെ എസ്റ്റാബ്ലിഷ്‌ ചെയ്യാൻ വയ്യ എന്നു വരുന്നത്‌ കഥാകൃത്തിന്റെയും സംവിധായകന്റെയും പരാജയം തന്നെയാണ്‌.
സ്ക്രീനിലെ പുകവലി നിയമം മൂലം വിലക്കുന്നുണ്ടെങ്കിൽ മദ്യപാനരംഗങ്ങളെ എന്തുകൊണ്ടു സെന്‍സര്‍ ചെയ്തുകൂടാ..

June 22, 2009

ജീവിതം (അപ ) നിര്‍മിക്കപ്പെടുന്നത്...

Chartard accountant മാര്‍ക്ക് കണ്ടെത്താനാകാത്ത ചില മിത്തുകളുണ്ട് ജീവിതത്തിന്റെ അളവെടുപ്പുകളില്‍...
ബസ്സിനടിയില്‍ പെട്ട് മരിച്ച ഒന്നാം ക്ലാസ്സുകാരിയായ മഞ്ചാടിക്കുരു...
പരീക്ഷയുടെ ഉച്ചയിലേക്ക് ദാഹിച്ചു വന്ന ഒരു ചിത്രശലഭം..
Fourier series ന്റെ വിഷമ സന്ധിയില്‍ വഴി തെറ്റി അലഞ്ഞ പഴയ ഒരു പാട്ട്..
അയല്‍പക്കത്തെ കൂട്ടുകാരിക്ക് തിരിച്ചു കൊടുക്കാന്‍ മറന്ന പുഞ്ചിരി..
ഓര്‍ക്കുന്നില്ലേ പണ്ട് ടീച്ചര്‍ പറഞ്ഞു തന്നത് , വാങ്ങിയ വില വലുതും വിറ്റ വില ചെറുതും ആകുമ്പോള്‍ എപ്പോളും കിട്ടുന്നത് ...

-------------------------------------------------------------------------

ഓര്‍മ : എഞ്ചിനീയരിംഗ് കോളേജ് മാഗസിന്‍, വിമലിന്റെ വര....

June 6, 2009

മാധവിക്കുട്ടിക്ക് മാത്രം എഴുതാനാവുന്ന ഒരു കവിത

കമല ദാസ് ,പ്രിയപ്പെട്ട മാധവിക്കുട്ടി ഓരോ അക്ഷരത്തിലും നിറഞ്ഞു തുളുമ്പി നില്ക്കുന്ന ഒരു കവിതയുണ്ട്.പണ്ടു പ്രീ ഡിഗ്രീക്ക് പഠിച്ച Middle Age. ഇതാ .
അതിനെ മലയാളത്തില്‍ ഒന്നു വായിക്കാന്‍ ശ്രമിക്കുന്നു.ഇങ്ങനെ...


മധ്യവയസ്സ്
മധ്യവയസ്സ്,
അന്നേ വരെ സുഹൃത്തുക്കളായിരുന്ന നിന്റെ കുഞ്ഞുങ്ങളുടെ
മുഖം കറുക്കുകയും സ്വരം പരുഷമാവുകയും ചെയ്തു തുടങ്ങുന്ന സമയമാണത്.


കൊക്കൂണ്‍ പൊട്ടിച്ചു പുറത്തുവരുന്ന പ്യൂപ്പകളെ പോലെ
അവര്‍ തിളയ്ക്കുന്ന പ്രായത്തിലേക്ക് കുതിച്ചു കയറും.


അവര്‍ക്കിനി നിന്നെ വേണ്ടാതാവും,
ഭക്ഷണം വിളമ്പാനും വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുമല്ലാതെ.
എങ്കിലും നീയവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..
തനിച്ചിരുന്നു , അവരുടെ പുസ്തകങ്ങള്‍ തലോടും .
മൂകമായ ഒരു വിതുമ്പലില്‍ തകരും.
നീയവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..


മധ്യവയസ്സ്,
ഇന്നേവരെ ജീവിച്ച സ്വപ്ന ലോകത്ത് നിന്നു ഇനിയെങ്കിലും പുറത്തു വന്നു കൂടെ എന്ന്
നിന്റെ മകന്‍ നിന്നോട് ചോദിക്കുന്ന സമയമാണത്.
നിന്റെ മകന്‍,
പണ്ടൊരു രാത്രിയില്‍,
അണ്ണാന്‍ കുഞ്ഞിന്റെ വിരുന്നിനു നീ സ്വര്‍ണ ലിപികളില്‍ കുറിമാനമയച്ച നിന്റെ മകന്‍,
നിന്നെ നോക്കി പരിഹസിക്കും...
"ഇപ്പോഴും ചെറുപ്പമാന്നാ വിചാരം..."

May 24, 2009

ചിലന്തിവല

ഒറ്റ ജാലകമുള്ള മുറിയില്‍ കുട്ടിയും കമ്പ്യൂട്ടറും തപസ്സു ചെയ്യുകയായിരുന്നു. ചുവരിടുക്കുകളില്‍ ചിലന്തിവലകള്‍ തൂങ്ങിക്കിടന്നിരുന്നു.
വസന്തത്തിലൂടെ വഴി തെറ്റിവന്ന ഒരു പൂമ്പാറ്റ അന്ന് ചിലന്തിവലയില്‍ കുടുങ്ങി.
തപസ്സുണര്‍ന്നു കുട്ടി ചിരിച്ചു.
"പാവം, നീ പ്യൂപ്പ പൊട്ടിച്ചു പുറത്തുവന്നത് , എട്ടുകാലിയുടെ ഇരയാവുന്ന ഈ നിമിഷത്തിനു വേണ്ടിയായിരുന്നോ..?"
എട്ടുകാലികളെ കാത്തിരിക്കുന്ന എല്ലാ പൂമ്പാറ്റകള്‍ക്കും വേണ്ടി ആ പൂമ്പാറ്റ പറഞ്ഞു;
"എന്റെ മരണം ജൈവികമാണ്. നാളെ അരളിച്ചെടിയില്‍ വീണ്ടുമൊരു പ്യൂപ്പ ജനിക്കും.നീ പടിഞ്ഞാറുമായി ചാറ്റ് ചെയ്യുക.അവിടെ എട്ടുകാലികള്‍ക്ക് നിന്റെ ബുദ്ധി ആവശ്യമുണ്ട്."

പൂമ്പാറ്റ പറഞ്ഞതു കുട്ടിക്ക് മനസ്സിലായില്ലെങ്കിലും അവന്‍ എലിപ്പല്ല് കൊണ്ടു വലതുരന്നു ,കടല്‍കടന്നു പടിഞ്ഞാറോട്ട് പോയി.

May 23, 2009

വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ജനലുകളും വാതിലുകളും പണിയരുത്.
ഋതുക്കളെ അകത്തേക്ക് കടത്തരുത്.
പുറത്ത് കിനാവ്, പൂനിലാവ്‌.
പകല്‍വെളിച്ചം,
കിളികളുടെ പാട്ട്.
അകത്തിരുട്ട്.
വീട്, വിസര്‍ജ്യങ്ങള്‍ പുറത്തേക്ക് തള്ളാനുള്ള ഒരു വാല്‍വ് മാത്രമാകുന്നു.




May 18, 2009

അവര്‍ക്കിനി കൂടുതല്‍ നിര്‍ഭയമായി, ഉദാരമായി ഇന്ത്യയെ വില്‍ക്കാം.

കോണ്ഗ്രസ് ,കോടീശ്വരന്മാരുടെയും ബിസിനസ്സുകാരുടെയും സിനിമാതാരങ്ങളുടെയും മറ്റും ഒരു എസ്ടാബ്ലിഷ്മെന്റ്റ്‌ ആണ് ഇന്ന്. ഏറ്റവും താഴെ തട്ടിലുള്ള ഒരു നേതാവും ഒരു സാധാരണ പൌരനും തമ്മിലുള്ള ദൂരം തന്നെ വളരെ ഏറെയാണ്‌. പിന്നെയാണോ ദാന്തഗോപുരങ്ങളിലെ രാഹുല്‍ ഗാന്ധിമാര്‍...?
അതി സമ്പന്നരുടെയും അവരുടെ വിധേയരുടെയും ഒരു കൂട്ടം..അവരാണിനി നമ്മെ ഭരിക്കേണ്ടത്. അവര്‍ക്കിനി ആരെയും പേടിക്കേണ്ടതില്ല. കേരളത്തില്‍ കുഞ്ഞാലിക്കുട്ടിയെ പോലുള്ള വഷളന്മാര്‍ പറഞ്ഞതുപോലെ ഇനി ഇടതു പക്ഷത്തിന്റെ "ശല്യം" കൂടാതെ ഭരിക്കാം.അപകടകരവും അശ്ലീലവുമായ സന്ധികളിലേക്ക് വഴുതി വീഴുമ്പോള്‍ അരുതെന്ന് വിലക്കാന്‍ ഇനി ഇടതുപക്ഷമില്ല.
അവരിനി വാതിലുകള്‍ മലര്‍ക്കെ തുറക്കും.ഏത് രോഗാണുവിനും കടന്നു വരാം. സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം തച്ചുടച്ച പഴയ "ഓക്സ്ഫോര്‍ഡ്‌" വിദ്യാര്‍ത്ഥിക്ക് അതിനൊട്ടുംവിഷമം ഉണ്ടാവില്ല. ഗാന്ധിജിയുടെ സമാധി പട്ടികള്‍ക്കായി തുറന്നു വെക്കാം. ആ പട്ടിയുടെ അധിപനെ , 'വി ലവ് യൂ ' എന്ന് പറഞ്ഞു കെട്ടിപ്പിടിക്കാം.
അതെ, അവര്‍ക്കിനി കൂടുതല്‍ നിര്‍ഭയമായി, ഉദാരമായി ഇന്ത്യയെ വില്‍ക്കാം.

May 14, 2009

'ഭാഗ്യദേവത ' യല്ല , 'പാസഞ്ചര്‍' ആണ് നല്ല സിനിമ.

സത്യന്‍ അന്തിക്കാട് ഓരോ സിനിമ കഴിയുന്തോറും കൂടുതല്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

രസതന്ത്രം ,ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ 'ദുരന്തങ്ങള്‍' എങ്ങനെ മറക്കാനാണ്? എങ്കിലും പുതിയ സിനിമ വരുമ്പോള്‍ നാടോടിക്കാറ്റ് ,വരവേല്പ്, പൊന്മുട്ടയിടുന്ന താറാവ് മുതലായ മധുരമുള്ള ഓര്‍മ്മകള്‍ മനസ്സിലുള്ളത് കൊണ്ടു വീണ്ടും പ്രതീക്ഷയോടെ കാണാന്‍ പോവുന്നു...

നിരാശയോടെ തിരിച്ചു വരുന്നു..

ഭാഗ്യദേവതയും പതിവു തെറ്റിച്ചില്ല.സത്യന്റെ പ്രതിഭ വറ്റുന്നതിന്റെ വ്യക്തമായ സൂചനകള്‍.

എന്താണ് ഈ സിനിമ സംസാരിക്കുന്നതു?സ്ത്രീധനത്തിന് എതിരെ എന്ന ഒരു വ്യാജ ലേബല്‍ ഇതിന് എങ്ങനെയോ കിട്ടിയിട്ടുണ്ട്.ചില ദുര്‍ബലമായ പരാമര്‍ശങ്ങള്‍ ഒഴികെ എതിര്‍പ്പിന്റെ ശക്തമായ സ്വരമൊന്നും ഇതില്‍ എവിടെയും ഇല്ല.സ്ത്രീധനത്തിന് എതിരെ പരസ്യമായി,പച്ചയായി, ഉറക്കെ വിളിച്ചു പറയാന്‍ ഇവര്‍ക്കൊക്കെ എന്താ പേടിയാണോ?



നായകന്‍,അവസാനം പശ്ചാതപിക്കുന്നുണ്ടല്ലോ എന്നാണ് മറ്റൊരു ന്യായം. പെങ്ങളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കാന്‍ കഴിയാത്തതാണ് അയാളുടെ ദുഃഖം ! ആ ഘട്ടത്തിലും താന്‍ ചെയ്തു കൂട്ടിയ വൃത്തികേടുകള്‍ക്ക് അയാള്‍ ക്ഷമ ചോദിക്കുന്നില്ല.



ഒടുവില്‍ അയാളത് ചെയ്യുന്നത് ഭാര്യ തിരിച്ചു വന്നപ്പോഴാണ്.വെറും കയ്യോടെയല്ല...അയാള്ക്ക് വേണ്ട പണവുമായി.(അതിന് മുന്പ് ഒരിക്കലും സ്വമനസ്സാലെ അയാള്‍ ഭാര്യയോടു മാപ്പ് ചോദിക്കുന്നില്ല....!!)

ഒടുവില്‍ പണം കിട്ടി.സ്ത്രീധനം കൊടുത്തു.എല്ലാവര്ക്കും സന്തോഷവുമായി.ഉടന്‍ തന്നെ നായകന് ഭാര്യയോടു സ്നേഹം തോന്നി തുടങ്ങുകയുംചെയ്തു...!!!!എന്തൊരു പരിഹാസ്യമായ ക്ലൈമാക്സ്‌ !!!


അതായതു പണം കിട്ടുന്നത് വരെ സംഘര്‍ഷം.അത് ഭാര്യ കൊണ്ടു വന്നു കൊടുത്തത് കൊണ്ടു ഇനി ഭാര്യയെ സ്നേഹിച്ചു തുടങ്ങാം.എന്ത്‌ മാത്രം 'നെഗറ്റിവ് 'ആയ കാഴ്ച്ചപ്പാടാണിത്? പ്രതിലോമകരമായ പഴഞ്ചന്‍ ആശയങ്ങള്‍ കൊണ്ടു സമൂഹത്തെ പുറകോട്ടു പിടിച്ചു വലിക്കുന്നു ഈ സിനിമ....

ഇവിടെയാണ് 'പാസഞ്ചര്‍' പ്രതീക്ഷ നല്കുന്നത്. ഇതു ഒരു ക്ലാസിക്‌ ചിത്രമൊന്നുമല്ല .പക്ഷെ ഒരു നല്ല സിനിമ.മനുഷ്യന്‍ ഒരു സാമൂഹ്യ ജീവി കൂടിയാണെന്ന് ഓര്‍മിപ്പിക്കുന്ന ഒരു സിനിമ.
നൂറു ശതമാനം കമേര്‍സ്യല്‍ .പക്ഷെ മടുപ്പിക്കുന്ന സ്ഥിരം ചേരുവകളെ ധൈര്യപൂര്‍വ്വം തിരസ്കരിച്ചിരിക്കുന്നു.നായകന്‍, നായികാ,പ്രേമം,പാട്ടു,സ്വപ്നം, നൃത്തം ...ഒന്നുമില്ല..ഒന്നും.
പക്ഷെ ഒരു സംവിധായകന്റെ വ്യക്തമായ കയ്യൊപ്പ് ഇതിന് പിന്നിലുണ്ട്.പ്രേക്ഷകനെ കൂടെ കൊണ്ടു പോവുന്ന,ഒരേ സമയം യഥാര്‍ഥവും സിനിമാറ്റിക്കും ആയ ഒരു ത്രെഡ്‌ ഉണ്ട്.
സ്വന്തം സുഖം ത്യജിച്ചു, സഹജീവിയുടെ നന്മക്കായി ജീവന്‍ പോലും പണയപ്പെടുത്തുന്ന ഏതാനും മനുഷ്യര്‍...ശ്രീനിവാസനും ദിലീപും മമതയും നെടുമുടി വേണുവുമൊക്കെ മനോഹരമായി ചെയ്തിട്ടുണ്ട്.
താരങ്ങളല്ല ,കഥാപാത്രങ്ങള്‍ ആണവര്‍.അതാണ്‌ ഏറെ ആശ്വാസം.
ഈ താരതമ്യം ഇങ്ങനെ ചുരുക്കാം-
ഭാഗ്യദേവത നമ്മെ ഒന്നും 'ഫീല്‍' ചെയ്യിക്കുന്നില്ല. ഉള്ളു പൊള്ളയായ ,ആത്മാവില്ലാത്ത സിനിമയാണത്. പാസഞ്ചര്‍ ആകട്ടെ സമൂഹത്തെ ഒരു ചുവടു മുന്നോട്ടു നയിക്കുന്ന ,മാനവികമായ ഒരു
സന്ദേശം മുന്നോട്ടു വെക്കുന്നു.

May 13, 2009

ജീവിതം മണക്കുന്ന ഫ്രൈമുകള്‍ - അതെനിക്ക് വേണ്ട

"സര്‍, ഇതാ എന്റെ തിരക്കഥ."

"ഇതിലെന്താണ് ഉള്ളത്?

"എന്റെ ജീവിതം."

"ജീവിതം മണക്കുന്ന ഫ്രൈമുകള്‍ എനിക്ക് വേണ്ട.എനിക്ക് വേണ്ടത് വിചിത്രമായ കോണുകളില്‍ ഉള്ള കുറെ ഷോട്ടുകളാണ്. കണ്ടിട്ടില്ലേ..സംവിധാനം എന്നല്ല,' കട്സ്' എന്നാണ് ഞാന്‍ ടൈറ്റില്‍ കാണിക്കാറുള്ളത്.."

"എന്റെ ജീവിതത്തെ ഷോട്ടുകള്‍ ആയി വിഭജിക്കാം സര്‍.."

"എക്സ്ട്രീം ക്ലോസ് അപ്പ് ഷോട്ടുകള്‍ എത്രയെണ്ണം ഉണ്ട് നിന്റെ ജീവിതത്തില്‍..?"

"--------------------"

"പോട്ടെ, പാട്ടുകള്‍ വല്ലതും..?

"അമ്മ പടിത്തന്നിരുന്ന ഒരു താരാട്ടുണ്ട്."

"ഛെ.. താരാട്ടില്‍ മൌനത്തിന്റെ സംഗീതമാണ്. എന്റെ പ്രേക്ഷകര്‍ക്ക്‌ നിശ്ശബ്ദത ഇഷ്ടമേയല്ല. നിന്റെ ജീവിതത്തിന്റെ നിറമെന്താണ്?"

"മിക്കവാറും കറുപ്പ്.ചിലപ്പോള്‍ ചാരനിറം."

"മാറ്റിയെഴുതൂ നിന്റെ ജീവിതത്തിനെ. ഇതിന് വിഷ്വല്‍ ബ്യൂട്ടിയില്ല.വിചിത്രമായ ഷോട്ടുകള്‍ ആയി വിഭജിച്ച്‌ , മാക്സിമം ക്ലോസ് അപ്പുകളിലൂടെ, പാട്ടുകള്‍ക്ക് സ്പെയ്സിട്ടു , എല്ലാ ഫ്രൈമുകളും കളര്‍ ഫുള്‍ ആക്കി നിന്റെ ജീവിതത്തെ പൊളിച്ചു പണിയൂ.. എന്നിട്ട് നമുക്കു നോക്കാം.

March 22, 2009

മനോഹരമായ സിനിമ , പക്ഷെ......

രാഷ്ട്രീയ നിലപാടുകളുള്ള സിനിമ എന്ന നിലക്ക് 'കാഞ്ചിവരത്തെ' സമീപിക്കുന്നത് വലിയ വിഡ്ഢിത്തമായിരിക്കും. 1948 ഇല്‍ കാഞ്ചിവരത്തെ നെയ്ത്ത് തൊഴിലാളികള്‍ക്കിടയിലുണ്ടായ കമ്മ്യൂണിസ്റ്റ് പ്രക്ഷോഭത്തെ വിഷയമാക്കുന്നുണ്ടെങ്കിലും , വൈയക്തികമായ മോഹങ്ങളിലും മോഹഭംഗങ്ങളിലുമാണ് ശ്രദ്ധ പതിപ്പിക്കുന്നത്.
വ്യക്തികേന്ദ്രീകൃതമായി കഥ പറയുന്നതു ഒരിക്കലും ഒരു. പരിമിതിയല്ല. പക്ഷെ അതിന് തെരഞ്ഞെടുത്ത രീതിയാണ് വിചിത്രം.
പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന നായകന്‍ ,പ്രത്യയശാസ്ത്രവും , വ്യക്തിപരമായ മോഹ സാഫല്യവും തുലനം ചെയ്യേണ്ടിവരുന്ന ഒരു വിഷമ സന്ധിയിലെത്തുന്നു. അതുവരെ മുറുകെപ്പിടിച്ച ആശയങ്ങളെയും കൂടെ നിന്ന സഖാക്കളെയും ഉപേക്ഷിച്ചു പൊടുന്നനെ പിന്‍വാങ്ങുന്ന കാഴ്ച അരോചകമായി .
അവകാശ സമരങ്ങളും സഹനവും എല്ലാം ഒരു ദിവസം കൊണ്ടു പ്രഹസനം ആയിപ്പോയി.!!!
ഒരു തൊഴിലാളി നേതാവിന്റെ ഇത്തരത്തിലുള്ള മാറ്റം ചിത്രീകരിക്കുക വഴി എന്ത് സ്ഥാപിക്കാനാണ് സിനിമ ശ്രമിക്കുന്നത്?

രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്ക്കുകഎന്നത് മുഖ്യ ധാര സംവിധായകര്‍ എന്നും തുടര്‍ന്നു പോന്നിട്ടുള്ള നയമാണ്. സ്വന്തം നിലപാട് വ്യക്തമാക്കിയാല്‍ ഏതെങ്കിലും പക്ഷത്തു മുദ്ര കുത്തപ്പെടുമോ എന്നുള്ള ഭയം അഥവാ ഒരു തരം നട്ടെല്ല് ഇല്ലായ്മയാണ് പ്രിയദര്‍ശന്‍ അടക്കമുള്ള സംവിധായകരുടെ പ്രശ്നം.
ഈ വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇതു മനോഹരമായ സിനിമയാണ്. സ്ഥിരം കച്ചവട ചേരുവകളെ പാടെ ഉപേക്ഷിച്ചു ,കലര്‍പ്പില്ലാത്ത ജീവിതം പച്ചയായി ആവിഷ്കരിച്ചു കൊണ്ടു പ്രിയദര്‍ശന്‍ അദ്ഭുതപ്പെടുത്തുന്നു.
മോഹിപ്പിക്കുന്ന ദ്രിശ്യ ഭംഗിയുണ്ട്.അടുത്ത ഫ്രൈമിനായി കൊതിയോടെ കാത്തിരുന്ന് പോവും നമ്മള്‍. പ്രകാശ് രാജ്,ശ്രേയ മുതലായവരുടെ ശ്രദ്ധേയമായ അഭിനയം.അവസാന സീന്‍ മനസ്സിലുണ്ടാക്കിയ മുറിവ്...മകളുടെ മൃത ശരീരത്തിനരികില്‍ ഇരുന്നു ,മാനസിക വിഭ്രാന്തിയിലേക്ക് നീങ്ങുന്ന ആ അച്ഛന്റെ വിഷ്വല്‍....അത് രൂപപ്പെടുത്തിയെടുത്ത കലാകാരനെ നമിച്ചു പോവുന്നു....





January 13, 2009

ഞാന്‍

എന്റെ അച്ഛന് മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ വളരെ ഇഷ്ടമാണ്.
തൈച്ചെടിയെ നനഞ്ഞ മണ്ണിന്റെ സുരക്ഷിതത്വത്തിലേക്ക് വിട്ടുകൊണ്ട് അച്ഛന്‍ പറയും,
"ഭൂമിയില്‍ ആദ്യത്തെ മരം നട്ട മനുഷ്യന്റെ ഓര്‍മയ്ക്ക്..."
അപ്പോഴൊക്കെ എനിക്ക് എന്നെ പേടിയാവുന്നു.
കാരണം നാളെ ഞാനിതു പിഴുതെടുത്ത് വേരിന്റെ വളര്‍ച്ച പരിശോധിക്കുമല്ലോ....

Archive

Followers