ഭ്രമരം കണ്ടിറങ്ങിയപ്പോൾ മനസ്സ് ശൂന്യമായിരുന്നു.പ്രത്യേകിച്ചൊന്നും തോന്നിയില്ല.കാഴ്ചയും തന്മാത്രയും കണ്ടു മനസ്സ് വിങ്ങി നിറഞ്ഞതു വെറുതെ ഓര്‍ത്തു പോയി.
ഒരേയൊരു മേന്മയും ഒരുപാടു പോരായ്മകളും ആണ് ഈ സിനിമ.ആ ഒന്നു മോഹന്‍ലാലിന്റെ അഭിനയമാണ്.ഈ മനുഷ്യന്‍ എങ്ങനെ അഭിനയത്തിന്റെ ഒരു പാഠപുസ്തകമാവുന്നു എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സിനിമ.
നിരാശകളിൽ ഏറ്റവും പ്രധാനമായത് സിനിമയുടെ പ്രമേയത്തിന്റെ ദൗർബല്യവും വിരസതയും തന്നെയാണ്.എത്രയോ സിനിമകളിൽ കണ്ടു പഴകിയ,മടുപ്പിക്കുന്ന, അതിനാടകീയമായ ഒരു കഥ. കാഴ്ചയുടേയും തന്മാത്രയുടേയും പ്രമേയങ്ങളിൽ ബ്ലെസ്സി കാണിച്ചിരുന്ന അസാധാരണമായ കയ്യടക്കവും ഭദ്രതയും എവിടെപ്പോയി..?
നഗരവാസിയായ സുഹൃത്തിന്റെ വീട്ടിലേക്ക് ഒരു നാൾ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന,നാടനും പരുക്കനും വിചിത്രസ്വഭാവിയും എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി- ഇതായിരിക്കാം കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്ന ത്രെഡ്.തീർച്ചയായും മനോഹരമായ ഒരു സിനോപ്സിസ് ആണിത്.
പക്ഷേ,അതിന്റെ ട്രീറ്റ്മെൻഡിൽ സിനിമ പരാജയപ്പെട്ടു.എന്തൊക്കെയോ സംഭവിക്കാൻ പോവുന്നു എന്നു ഒരോ നിമിഷവും തെറ്റിദ്ധരിപ്പിച്ച് രണ്ടര മണിക്കൂർ നീട്ടിക്കൊണ്ടുപോവുന്നു.ഒടുവിൽ അതിസാധരണവും പഴകിപ്പതിഞ്ഞതുമായ ഒരു ക്ലൈമാക്സ് കാണിച്ച് നിരാശരാക്കുന്നു.
ഒരു മലയുടെ മുകളിലേക്കു കയറി,ഒടുവിൽ താഴെ കുഴിയിലേക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥ.കഥാകൃത്തിന്റെ മനസ്സിൽപോലും വ്യക്തമായ കഥയില്ലായിരുന്നു എന്നു വേണം കരുതാൻ.
ബാല്യകാലത്ത് നടന്ന ഒരു ദുരന്തത്തിൽ കൂട്ടുകാരാൽ ചതിക്കപ്പെട്ട് ജുവനെയിൽ ഹോമിൽ പോവുന്നതും വർഷങ്ങളോളം സംഭവങ്ങൾ മൂടി വെക്കപ്പെടുന്നതും,ഒടുവിൽ ഭാര്യ തെറ്റിദ്ധരിച്ച് പിണങ്ങിപ്പോവുന്നതുമെല്ലാം ബ്ലെസ്സിയെപ്പോലൊരാൾ എടുക്കേണ്ട പ്രമേയങ്ങളാണോ..?
ഒരു മാതിരി ബെന്നി പി നായരമ്പലം എഴുതിയ തിരക്കഥ പോലെ....!!
ഗാനങ്ങളൊക്കെ പരാമർശയോഗ്യം പോലുമല്ലാത്ത വിധം നിലവാരമില്ലാത്തതായിപ്പോയി.ഒരു ഗാനചിത്രീകരണത്തിൽ ഭൂമികയെ ധരിപ്പിച്ച വേഷം കണ്ട് ചിരി വന്നു പോയി.പൊക്കിളിനു വളരെ താഴെ മുണ്ടുടുപ്പിച്ച്,വയർ മുഴുവനായും നഗ്നമാക്കി,പുരുഷപ്രേക്ഷകന്റെ വൃത്തികെട്ട നോട്ടങ്ങളെ തൃപ്തിപ്പെടുത്താനുള്ള ആ ശ്രമം എന്തിനു വേണ്ടിയാണ്...?
ഇത്തരം പഴഞ്ചൻ പാഴ്‌വേലകൾ, കാഴ്ചയും തന്മാത്രയുമെടുത്ത ഒരു സംവിധായകനിൽ നിന്നായത് ദുഃഖകരമായിപ്പോയി.
മറ്റൊന്ന്, ഇതിലെ മദ്യപാന രംഗങ്ങളുടെ ആധിക്യമാണ്.ഒരു കഥാപാത്രത്തെ ആവിഷ്ക്കരിക്കാൻ ഇത്രയധികം മദ്യപാനം കാണിക്കുന്നതു ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ല.ഇതില്ലാതെ ഒരു കഥാപാത്രത്തെ എസ്റ്റാബ്ലിഷ് ചെയ്യാൻ വയ്യ എന്നു വരുന്നത് കഥാകൃത്തിന്റെയും സംവിധായകന്റെയും പരാജയം തന്നെയാണ്.
സ്ക്രീനിലെ പുകവലി നിയമം മൂലം വിലക്കുന്നുണ്ടെങ്കിൽ മദ്യപാനരംഗങ്ങളെ എന്തുകൊണ്ടു സെന്‍സര്‍ ചെയ്തുകൂടാ..