May 8, 2010

എവിടേയ്ക്കോ മാഞ്ഞു പോയ വീട്‌

ബാല്യം ചെലവിട്ട ആ വീട്‌ പൊളിച്ചുമാറ്റിയിരിക്കുന്നു.ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നലെ അവിടെ ഒന്നു പോയി.

വീട്‌ നിന്നിരുന്നിടത്ത്‌ വലിയൊരു ശൂന്യത...
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍, കളിചിരികള്‍ വറ്റി, മൌനിയായി നിന്ന വീടീന്റെ ചിത്രം മനസ്സിലേക്ക്‌ തിരിച്ചു കൊണ്ടുവരാനൊരു ശ്രമം നടത്തി.

വീട്‌ പൊടുന്നനെ എവിടേയ്ക്കാണ്‌ മാഞ്ഞുപോയത്‌..?

കൂട്ടിയിട്ട സിമന്റ്‌ ചാക്കുകള്‍ക്കു മുകളില്‍ ഏറെ നേരമിരുന്നു.

പുറകില്‍ ആരോ ഗേറ്റ്‌ തള്ളിത്തുറന്നതുപോലെ.
ഒരു അഞ്ചുവയസ്സുകാരന്‍ സ്കൂളിലേക്ക്‌ ഓടിപ്പോയി.
വൈകുന്നേരം പുതിയ വിശേഷങ്ങളുമായി തിരികെ അമ്മയുടെ മടിയിലേക്ക്‌ ഓടിക്കയറി.
രാത്രി, കോരിച്ചൊരിയുന്ന മഴയത്ത്‌, മകനു കളിക്കാനുള്ള പുതിയ പന്തുമായി അഛന്‍ കയറി വന്നു.

എത്രയോ രാത്രികള്‍.
പകലുകള്‍.
ഓര്‍മകള്‍.

പഴയ കിണര്‍ മാത്രം ഒരു മൂലയില്‍ ഒതുങ്ങിക്കിടപ്പുണ്ട്‌.
വേനലില്‍ വാടുകയും മഴയില്‍ തളിര്‍ക്കുകയും ചെയ്ത ബാല്യത്തെ മാറോട്‌ ചേര്‍ത്തുപിടിച്ച്‌, വീട്‌, ഇവിടെ എവിടെയോ മറഞ്ഞു നില്‍പ്പുണ്ടാവണം.

തിരിഞ്ഞു നടക്കുമ്പോള്‍ മൂവാണ്ടന്‍ മാവിനെ ഒന്നു നോക്കി.
മാമ്പൂക്കള്‍...!
കാലം എല്ലാ വേനലിലും വഴിതെറ്റാതെ വന്നു മാമ്പൂക്കളായി വിടരട്ടെ...
പണ്ട്‌, ഉണ്ണി പിച്ചവെച്ചു നടന്ന ആ മുറ്റത്തേക്ക്‌ ഓര്‍മകളുടെ കനികളായി വെറുതെ പൊഴിയാന്‍....

Followers