April 27, 2010

വാതിലുകൾ

വളരെ പണിപ്പെട്ട്‌,ഞാൻ എന്റെ പ്രശ്നം ഡോക്ടറുടെ മുന്നിലവതരിപ്പിച്ചു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്നും തീരാത്ത ഒരു സംശയമാണ്‌,വീടിന്റെ വാതിലുകൾ എല്ലാം അടച്ചോ എന്ന്..
എഴുന്നേറ്റ്‌ ഒരിക്കൽ കൂടി എല്ലായിടത്തും പോയി ഉറപ്പുവരുത്തി കിടന്നാലും അൽപനേരം കഴിയുമ്പോൾ സംശയം വീണ്ടും..
ഏതെങ്കിലും വാതിലടക്കാൻ വിട്ടു പോയോ..?
പിന്നേയും എഴുന്നേറ്റ്‌ നോക്കുന്നു, വന്നു കിടക്കുന്നു.ഉറക്കത്തിലേക്കു വഴുതി വീഴുന്ന ആ നിമിഷം തന്നെ ഞെട്ടി എഴുന്നേൽക്കുന്നു.
ഇല്ല- ഏതൊക്കെയോ വാതിലുകൾ അടക്കാൻ വിട്ടു പോയിട്ടുണ്ട്‌.

മുൻ വശത്തെ വാതിൽ..?

അടുക്കളയിൽ നിന്ന് പുറത്തേക്കു തുറക്കുന്ന വാതിൽ..?

ഏതൊക്കെയോ അടക്കാൻ ബാക്കിയുണ്ട്‌...
വയ്യ, ഡോക്ടർ..ഞാൻ ഉറങ്ങിയിട്ട്‌ ദിവസങ്ങളായി.

വാതിലുകൾ..അതാണെന്റെ അസുഖം...


ഒരു നിമിഷം ആലോചിച്ച ശേഷം ഡോക്ടർ പറഞ്ഞു;

"ശരി.ഇന്നു രാത്രി 12 മണിക്കു ശേഷം ക്ലിനിക്കിലേക്കു വരൂ.നമുക്കൊന്നു നടക്കാൻ പോവാം."
അന്നു രാത്രി 12 മണിക്കു ഡോക്ടർ എന്നേയും കൂട്ടി നഗരത്തിലേക്കിറങ്ങി.

നഗരം ഉറക്കത്തിലേക്കു വഴുതി വീണുകഴിഞ്ഞിരുന്നു.
തെരുവു വിളക്കിന്റെ നിയോൺ വെളിച്ചത്തിനു താഴെ,നിരയായി കിടന്നുറങ്ങുന്ന മനുഷ്യർ..

അവിടെ എത്തിയപ്പോൾ,ഡോക്ടർ നടത്തം നിർത്തി.

"ഇന്നു രാത്രി,ഇവിടെ,ഈ മനുഷ്യരുടെ കൂടെ ഉറങ്ങു..."
ഞാനൊന്നു ഞെട്ടി.

"ഇവിടെയോ.? ഈ കടത്തിണ്ണയിലോ..?"
ഡോക്ടർ പരുഷമായിത്തന്നെ ചോദിച്ചു;

"നിങ്ങളുടെ അസുഖം മാറണോ..?"
ഞാൻ അനുസരിച്ചു.

അന്നു രാത്രി, അവരുടെ കൂടെ ഞാനുറങ്ങി.സ്വന്തമായി വീടും വാതിലുകളുമില്ലാത്ത ആ മനുഷ്യരുടെ കൂടെ..

ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.


കടൽത്തീരത്ത്‌, രാത്രി, തനിച്ചു കിടന്നുറങ്ങുന്ന ഞാൻ.
വിശാലമായ മണൽപ്പരപ്പ്‌.

നക്ഷത്രങ്ങൾ ചിരിക്കുന്ന ആകാശം.

കടലിന്റെ സംഗീതം.


വാതിലുകളെ കുറിച്ചുള്ള ഞെട്ടലുകളില്ലാതെ സുഖമായുറങ്ങി.

1 comment:

Ruby K V said...

calm article like the sleep described.
:)

Followers