September 29, 2008

ഫോട്ടോഗ്രാഫിയെക്കുറിച്ച് പഴയ സംശയം വീണ്ടും...


ഫോട്ടോഗ്രാഫി ഒരു കലയാണോ അല്ലയോ എന്ന സംശയത്തിന് ഫോട്ടോഗ്രാഫിയുടെ ഉദ്ഭവത്ത്തോളം തന്നെ പഴക്കമുണ്ട്.


ലോകത്തിലെ ആദ്യത്തെ ക്ലിക്ക് , ഏതോ ജാലകത്തിന് വെളിയിലെ കാഴ്ച്ചയുടെ ഒരു തുണ്ട് നിമിഷം കറുപ്പിലും വെളുപ്പിലും ഒപ്പിയെടുത്തപ്പോള്‍ മുതല്‍ ചോദ്യമുയര്‍നിട്ടുണ്ടാവണം. ഇതില്‍ കലയുടെ മൌലികത എത്ര മാത്രമുണ്ട്? രസാത്മകമായ തനിമയെക്കാള്‍ യന്ത്രത്തിന്റെ സാധ്യതയല്ലേ ഫോട്ടോഗ്രാഫിയെ നില നിര്‍ത്തുന്നത് ? തര്‍ക്കം ഇന്നും തുടരുന്നു. പക്ഷെ ഡിജിറ്റല്‍ യുഗത്തില്‍ ആ പഴയ ചോദ്യത്തിന് ഒന്നു കൂടി മൂര്‍ച്ച വന്നത് പോലെ.


ആലോചിച്ചു നോക്കൂ. പഴയ ക്യാമറയെ അപേക്ഷിച്ച് ഒരു ഡിജിറ്റല്‍ ക്യാമറയില്‍ എത്ര മാത്രം നിസ്സാരമാണ് മനുഷ്യന്റെ ഇടപെടല്‍ !
ഒരേയൊരു ക്ലിക്ക്.... തീര്‍ന്നു !


"എന്താണ് ഹോബി..?"


"ഫോട്ടോഗ്രാഫി."


എല്ലാവരും ഡിജിറ്റല്‍ S.L.R ക്യാമറ വാങ്ങുകയും എല്ലാവരുടെയും ഹോബി ഫോട്ടോഗ്രാഫി ആവുകയും ചെയ്യുന്ന കാലമാണിത്.


കൈയിലൊരു ഡിജിറ്റല്‍ ക്യാമറയും കൂട്ടിനു ഫോട്ടോഷോപ്പും....


ഫോട്ടോകള്‍ manipulate ചെയ്യപ്പെടുകയാണ്. ഫോട്ടോഗ്രാഫിക്ക് എത്ര മാത്രം സത്യസന്ധത അവകാശപ്പെടാനാവും ഇന്നു ? അഥവാ നമുക്കു ഒരു ഫോട്ടോയെ വിശ്വസിക്കാമോ..?


ദൃശ്യങ്ങളെ ഫോട്ടോ ആക്കുകയല്ല, ഫോട്ടോയെടുക്കാന്‍ ദൃശ്യങ്ങള്‍ ഉണ്ടാക്കുകയാണ് നാമിന്നു ചെയ്യുന്നത്.


താങ്കള്‍ക്കെന്തു തോന്നുന്നു..?





September 26, 2008

തലപ്പാവ് - മലയാള സിനിമ പിന്നെയും അതിശയിപ്പിക്കുന്നു!

സത്യം !
വിശ്വസിക്കാനാവുന്നില്ല !
അണ്ണന്‍ തമ്പിയും മാടമ്പിയും മിന്നാമിന്നിക്കൂട്ടവുമൊക്കെ കണ്ടു മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി തുടരെ മൂന്നു ചിത്രങ്ങള്‍ ....!
അടയാളങ്ങള്‍, തിരക്കഥ , ഒടുവിലിതാ തലപ്പാവും ....
തലപ്പാവ് - സിനിമയുടെ എല്ലാ ഘടകങ്ങളിലും മികവു പുലര്‍ത്തുന്ന ഒരു ചിത്രമാണ്.
മലയാളിക്കു മറക്കാനാവാത്ത സംഭവങ്ങള്‍ -നക്സല്‍ വര്‍ഗീസ്‌ കൊല്ലപ്പെടുന്നു.. വര്‍ഷങ്ങള്‍ക്കു ശേഷം രാമചന്ദ്രന്‍ നായര്‍ അതേറ്റു പറയുന്നു.ഇതിനെ ഉപജീവിച്ചാണ് സിനിമയുടെ പിറവി.
ചരിത്രവും സിനിമയും തമ്മിലുള്ള ബന്ധം അതില്‍കൂടുതല്‍ ഇല്ല. കൊല്ലപ്പെട്ടവനും കൊല്ലേണ്ടി വന്നവനും തമ്മിലുള്ള വൈകാരികമായ ഒരടുപ്പം-അതില്‍ നിന്നാണ് സിനിമയുടെ വികാസം.

സംവേദന ക്ഷ്മമായ പ്രതീകങ്ങള്‍ കൊണ്ട് സമ്പന്നമായ വിഷ്വലുകള്‍.
ദൃശ്യങ്ങളുടെ സീക്വന്സിലെ ഇഴയടുപ്പം.
ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലെക്കും തിരിച്ചുമുള്ള സന്ചാരത്തിന്റെ പുതുമ. ഭംഗി.
മധുപാലിന്റെ സംവിധാനത്തിലെ പരീക്ഷനോന്മുഖമായ ധീരത. (രവീന്ദ്രന്‍ പിള്ള മരിക്കുന്നതിന്റെ തൊട്ടു മുന്‍പുള്ള രാത്രിയില്‍ മെഴുക് തിരിവെട്ടവുമായി ജോസഫ് നടന്നു വരുന്ന ആ ഒറ്റ സീന്‍ മതി സംവിധായകന്റെ പ്രതിഭ തിരിച്ചറിയാന്‍ ).
അഴകപ്പന്റെ ക്യാമറയുടെ അപാരമായ അഴക്‌.
ഒരു നോട്ടം കൊണ്ടും ചിരി കൊണ്ടും പുതിയ ഭാഷ സൃഷ്ടിക്കുന്ന പ്രിത്വിരാജ്‌ എന്ന നടന്റെ സാന്നിധ്യം.
ലാലിന്റെ മറക്കാനാവാത്ത പ്രകടനം.
നക്സലിസത്തെ സിനിമ അനുകൂലിക്കുന്നുണ്ടോ എന്നൊരു സംശയം ന്യായമായും തോന്നിയേക്കാം.
എന്തൊക്കെയായാലും ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന , പച്ചയായി രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ എന്നാ നിലയില്‍ തലപ്പാവ് അഭിനന്ദനം അര്‍ഹിക്കുന്നു.
ജോസഫ് പറയുന്നുണ്ട്, പ്രശ്നങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്യുമ്പോളാണ് ജീവിതം അതായിത്തീരുന്നത് എന്ന്.....
അത് തന്നെയാണ് ഈ സിനിമയും നമ്മോടു പറയുന്നത്.....





September 21, 2008

കഥയില്ലാത്ത ഓണപ്പതിപ്പ്

മാതൃഭൂമി ഓണപ്പതിപ്പില്‍ ഇത്തവണ ഒരൊറ്റ കഥ പോലുമില്ല.!!
എന്തിനാണ് ആശ്ചര്യ ചിഹ്നം എന്നായിരിക്കും . പഴയ ഓണപ്പതിപ്പുകള്‍ തന്നെയാണ് അതിന്‍റെ ഉത്തരം.സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച കഥകളും കവിതകളും കൊണ്ടു സമ്പന്നമായിരുന്ന ആ പഴയ പതിപ്പുകള്‍ ചിലരെന്കിലും ഓര്‍ക്കുന്നുണ്ടാവും. ഓണക്കാലം ഓണപ്പതിപ്പുകളുടെ സുഗന്ധകാലം കൂടിയായിരുന്നു.
പക്ഷെ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇത്തവണ ഒരൊറ്റ കഥ പോലുമില്ല.!!
എവിടെപ്പോയി മലയാള സാഹിത്യ സിംഹങ്ങള്‍ ?
എവിടെപ്പോയി നമ്മുടെ കഥയും കവിതയും?
എം മുകുന്ദന്‍ പറഞ്ഞതാണ് ശരി. ഇതിലുള്ളത് ആത്മരതിയുടെയും സെക്സിന്റെയും വഴുവഴുപ്പുള്ള സംഭാഷണങ്ങള്‍ മാത്രം !
മലയാളിയുടെ രോഗം മറ്റൊന്നുമല്ല. വോയറിസം !!
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി ആനന്ദിക്കുക !!

Thahaan- A poetry in frames

സന്തോഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രമാണ് Thahaan. കാശ്മീരിന്റെ മനോഹരമായ ഫ്രൈമുകളില്‍ ഒരു കവിത. Thahaan എന്ന 8 വയസ്സുകാരന്റെ ജീവിതത്തിലൂടെ തീവ്ര വാദത്തിന്റെ അശാന്തിയിലമര്‍ന്ന ഒരു പ്രദേശത്തിന്റെ കഥ. ഒരു സംഘട്ടന രംഗം പോലുമില്ലാതെയാണ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രധാന വേഷം ചെയ്ത Purav Bhandare യുടെ പ്രകടനം അവിസ്മരണീയം തന്നെ.
Majid Majidi യുടെയും Iranian സിനിമയുടെയും പ്രകടമായ സ്വാധീനം നമുക്കു കണ്ടില്ലെന്നു നടിക്കാം. എന്തൊക്കെയായാലും ഇന്ത്യന്‍ സിനിമ വേറിട്ട്‌ ചിന്തിച്ചു തുടങ്ങുന്നു. സന്തോഷം.....

September 7, 2008

അടയാളങ്ങള്‍ - തകരാത്ത ഹൃദയം, തളരാത്ത വാക്ക്, ഉടയാത്ത കാഴ്ച

അടയാളങ്ങള്‍, പ്രമേയത്തോടുള്ള സത്യസന്ധത കൊണ്ടും സംവിധാനത്തിലെ അസാധാരണമായ നിയന്ത്രണം കൊണ്ടും അഭിനേതാക്കളുടെ അദ്ഭുതകരമായ പ്രകടനം കൊണ്ടും അവിസ്മരണീയമായ ചിത്രമാണ്.
നന്തനാരുടെ ബാല്യത്തിലേക്കും യൌവനത്ത്തിലെക്കും ഒരു സഞ്ചാരം.
രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലം.
വള്ളുവനാടന്‍ മണ്ണ്.
വിശപ്പ്‌.
കത്തിക്കാളുന്ന വിശപ്പ്‌.
മനുഷ്യര്‍ വിശന്നു ചാവുമ്പോഴും യുദ്ധങ്ങളില്‍ ആസക്തരാവുന്ന ജനത.
ആര്‍ക്കു ആരോടാണ് ശത്രുത..?
സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം അകൃത്രിമമായ വള്ളുവനാടന്‍ ഭാഷയുടെ നൈസര്‍ഗികതയാണ് എന്ന് തോന്നുന്നു. ഷാജി കൈലാസിന്റെ തമ്പുരാന്‍ സിനിമകളിലെ വഷളന്‍ സംഭാഷണങ്ങളില്‍ പെട്ട് അത് മരിച്ചു പോകുമായിരുന്നു...
കച്ചവട സിനിമയുടെ വൃത്തികെട്ട ഒതുതീര്‍പ്പുകളില്‍ സ്വയം നഷ്ടപ്പെടാതെ ,MG ശശി , ഇതുപോലുള്ള പരീക്ഷണങ്ങളുമായി ഇനിയും മുന്നോട്ടു വന്നിരുന്നെന്കില്‍!

അടയാളങ്ങളെ ബുദ്ധികൊണ്ട് വായിക്കാം.
ഹൃദയം കൊണ്ടും.

What will your camera eat today?

To feed a camera daily is really difficult.Yes my friend,they are too thirsty nowadays...
You see a dead body at an accident spot and you have got a good camera with you...What will you do..??
Watch it here...

Followers