May 28, 2010

വഴികൾ,തണൽമരങ്ങൾ,മഞ്ഞപ്പൂക്കൾ....

ഒരു മാറ്റവുമില്ല,ഒന്നിനും.
ആ വഴികൾ, ചുവരെഴുത്തുകൾ,മഞ്ഞപ്പൂക്കളുള്ള മരങ്ങൾ,ചുവന്ന നിറമുള്ള കെട്ടിടങ്ങൾ,
ആൾത്തിരക്കിനിടയിലും ഏകാന്തമായ തുരുത്തുകളെ ഒളിപ്പിച്ചുവെക്കുന്ന ഇടനാഴികൾ,
ഹൈഡ്രജൻ സൾഫൈഡിന്റെ മണം,
റെസണൻസ്‌ ട്യൂബിന്റെ മുഴക്കമുള്ള ഫിസിക്സ്‌ ലാബ്‌..

എല്ലാം പഴയതുപോലെത്തന്നെ..!

രണ്ടാം നിലയിലെ പഴയ ക്ലാസ്സിന്റെ വരാന്തയിൽ നിന്ന് താഴെ നടുമുറ്റത്തേക്കു നോക്കി നിൽക്കെ അവർ ഓർക്കാൻ ശ്രമിച്ചു..
പതിനൊന്നു വർഷങ്ങൾക്കു മുൻപ്‌,ഇവിടെ നിന്നു അമ്പരപ്പോടെ താഴേക്കു നോക്കി നിന്ന രണ്ടു കുട്ടികളെ...
ഇവിടെ എവിടെയൊക്കെയോ മറന്നുവെച്ചുപോയ ചിരികളെ...
ആരും കാണാതെ പോയ നൊമ്പരങ്ങളെ...
ആരെയും കാണിക്കാതിരുന്ന പേടികളെ...

ക്യാന്റീനിലേക്കുള്ള വഴിയിൽ പൊന്തക്കാടുകൾ പണ്ടത്തേക്കാളേറെയുണ്ട്‌.

ചായ കൊണ്ടുവെക്കുന്നതിനിടയിൽ,ചിരപരിചിതമായ ചിരിയോടെ രാമേട്ടൻ ചോദിച്ചു;
"സുഖം തന്നെയല്ലേ രണ്ടാൾക്കും..? എത്ര കാലായി കണ്ടിട്ട്‌..?"

ചായക്കപ്പുകൾക്കുമുൻപിൽ പരസ്പരം നോക്കിയിരുന്നപ്പോൾ,രാമേട്ടന്റെ ചായയിൽ നിന്ന് കഫേ കോഫി ഡേ യിലെ കപ്പോചീനോയിലേക്കും തിരിച്ചുമുള്ള ദൂരത്തെക്കുറിച്ചായിരിക്കണം ഇരുവരും ഓർത്തത്‌.
'ഒരു നിമിഷം മറന്നു,പരസ്പരം
മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ..'
എന്ന ഏറ്റവും പ്രിയപ്പെട്ട വരികൾ തന്നെയായിരിക്കണം ഇരുവർക്കുമിടയിൽ പെയ്തു തീർന്നത്‌.
രണ്ടുപേരും പഴയ ഋതുക്കളിലേക്ക്‌ ഒരു മടക്കയാത്ര നടത്തി.

എത്ര നേരമാണ്‌ അങ്ങനെയിരുന്നത്‌..!

"നിങ്ങളുടെ..കഴിഞ്ഞെങ്കിൽ...."
രാമേട്ടന്റെ ശബ്ദം അവരെ ഒരു ഞെട്ടലിലേക്ക്‌ ഉണർത്തി.

"സീറ്റുകൾ കൂട്ടണമെന്ന് കുറെ നാളായി വിചാരിക്കുന്നു.നടന്നില്ല.അപ്പുറത്ത്‌ കുട്ടികൾ കാത്തുനിൽക്കുന്നു.ചായ കുടിച്ചു കഴിഞ്ഞെങ്കിൽ...."

അടുത്ത നിമിഷം അവർ എഴുന്നേറ്റു.
രണ്ടുപേരുടേയും മനസ്സിലേക്കു ആ വാചകങ്ങൾ ഒരു നോവായി വന്നു വീണു.

കഴിഞ്ഞു, തങ്ങളുടെ കാലം.
പുതിയ കുട്ടികൾ കാത്തുനിൽക്കുന്നു...
അതു തുടർന്നുകൊണ്ടേയിരിക്കും.

ധൃതിയിൽ തിരിഞ്ഞു നടക്കുമ്പോൾ അവർക്കു തോന്നി,
എന്തൊക്കെയോ മറന്നു പോയിരിക്കുന്നു.
പറയാൻ കരുതി വെച്ചിരുന്ന പലതും.
യാത്ര പറയാൻ പോലും.

മഞ്ഞപ്പൂക്കൾ വീണുകിടക്കുന്ന വഴി അവസാനിച്ചപ്പോൾ രണ്ടുപേരും തിരിഞ്ഞു നോക്കിയില്ല.പുറകിൽ ആ പഴയ കെട്ടിടത്തെ പെട്ടെന്ന് ഒരു ചുവന്ന വിഷാദം വന്നു മൂടി.

May 8, 2010

എവിടേയ്ക്കോ മാഞ്ഞു പോയ വീട്‌

ബാല്യം ചെലവിട്ട ആ വീട്‌ പൊളിച്ചുമാറ്റിയിരിക്കുന്നു.ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നലെ അവിടെ ഒന്നു പോയി.

വീട്‌ നിന്നിരുന്നിടത്ത്‌ വലിയൊരു ശൂന്യത...
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍, കളിചിരികള്‍ വറ്റി, മൌനിയായി നിന്ന വീടീന്റെ ചിത്രം മനസ്സിലേക്ക്‌ തിരിച്ചു കൊണ്ടുവരാനൊരു ശ്രമം നടത്തി.

വീട്‌ പൊടുന്നനെ എവിടേയ്ക്കാണ്‌ മാഞ്ഞുപോയത്‌..?

കൂട്ടിയിട്ട സിമന്റ്‌ ചാക്കുകള്‍ക്കു മുകളില്‍ ഏറെ നേരമിരുന്നു.

പുറകില്‍ ആരോ ഗേറ്റ്‌ തള്ളിത്തുറന്നതുപോലെ.
ഒരു അഞ്ചുവയസ്സുകാരന്‍ സ്കൂളിലേക്ക്‌ ഓടിപ്പോയി.
വൈകുന്നേരം പുതിയ വിശേഷങ്ങളുമായി തിരികെ അമ്മയുടെ മടിയിലേക്ക്‌ ഓടിക്കയറി.
രാത്രി, കോരിച്ചൊരിയുന്ന മഴയത്ത്‌, മകനു കളിക്കാനുള്ള പുതിയ പന്തുമായി അഛന്‍ കയറി വന്നു.

എത്രയോ രാത്രികള്‍.
പകലുകള്‍.
ഓര്‍മകള്‍.

പഴയ കിണര്‍ മാത്രം ഒരു മൂലയില്‍ ഒതുങ്ങിക്കിടപ്പുണ്ട്‌.
വേനലില്‍ വാടുകയും മഴയില്‍ തളിര്‍ക്കുകയും ചെയ്ത ബാല്യത്തെ മാറോട്‌ ചേര്‍ത്തുപിടിച്ച്‌, വീട്‌, ഇവിടെ എവിടെയോ മറഞ്ഞു നില്‍പ്പുണ്ടാവണം.

തിരിഞ്ഞു നടക്കുമ്പോള്‍ മൂവാണ്ടന്‍ മാവിനെ ഒന്നു നോക്കി.
മാമ്പൂക്കള്‍...!
കാലം എല്ലാ വേനലിലും വഴിതെറ്റാതെ വന്നു മാമ്പൂക്കളായി വിടരട്ടെ...
പണ്ട്‌, ഉണ്ണി പിച്ചവെച്ചു നടന്ന ആ മുറ്റത്തേക്ക്‌ ഓര്‍മകളുടെ കനികളായി വെറുതെ പൊഴിയാന്‍....

Followers