December 7, 2010
അതിഥി
മഞ്ഞുപോലെ വെളുത്ത ഒരു പ്രാവ് ,ജനലിനപ്പുറത്ത് പറന്നുവന്നിരുന്ന്‍,പതുക്കെ ചോദിച്ചു ;
"അകത്തേക്കു വരട്ടെ..?"
ചില്ലുപാളി പാതി തുറന്നതെയുള്ളൂ..,
ഇളംചൂടുള്ള നനുത്ത ചിറകടികള്‍ കൊണ്ട് എന്റെ പ്രഭാതം പൂത്തു വിടര്‍ന്നു പോയി...!!
June 16, 2010
ഭാവസങ്കലനങ്ങളിൽ ഒരു മഴ
1.
നെടുവീർപ്പുകളിൽ ചുട്ടുപഴുത്തു കിടക്കുകയായിരുന്ന പാടവരമ്പുകളിലിരുന്ന് ആരോ പറഞ്ഞു;
"ഹാവൂ...ഇപ്പഴെങ്കിലും ഒന്നു വരാൻ തോന്നീലോ...!"
2.
ഉണക്കാനിട്ടിരുന്ന സാരിയും വാരിയെടുത്തുകൊണ്ടോടുന്നതിനടയിൽ അമ്മിണിയേടത്തി പിറുപിറുത്തു;
"നശിച്ച മഴക്ക് വരാൻ കണ്ടൊരു സമയം...നാളെ കല്യാണത്തിനു പോവാനിട്ടിരുന്ന സാരിയായിരുന്നു...."
3.
മധുരമായ ഒരാലസ്യത്തിൽ മഴയിലേക്കു നോക്കിയിരുന്ന അവളുടെ കാതിൽ അവൻ പറഞ്ഞു;
"നമ്മുടെ കുഞ്ഞ്, നിന്നിലുയിർക്കേണ്ടത് ഈ മഴയിലൂടെയാവണം...."
4.
മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുൻപിൽ കാത്തുനിൽക്കുകയായിരുന്ന എതോ ഒരമ്മ, പെട്ടെന്ന്, ഒരു ഭ്രാന്തിയെപ്പോലെ മഴയിലേക്കോടിയിറങ്ങി, ഹൃദയം പൊട്ടുമാറ് നിലവിളിച്ചു;
"എന്റെ മോനേ..."
5.
മഴയത്ത് കളിയവസാനിപ്പിക്കേണ്ടിവന്ന അർജന്റീനക്കാരൻ കുഞ്ഞഹമ്മദും ബ്രസീലുകാരൻ രാജേഷും,മെസ്സിയുടെയും കക്കായുടേയും ടിഷർട്ടുകളൂരി, കൈമാറി ,പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു.
അങ്ങനെയങ്ങനെ,പ്രതീക്ഷയുടെ പുൽനാമ്പിൽ തലോടിയും പ്രണയപാരവശ്യങ്ങളിൽ കുളിർത്തും പരിഭവക്കാറ്റിൽ കലമ്പിയും സങ്കടക്കടലിൽ കാലിടറി വീണും പിന്നേയും പേരറിയാത്ത ഏതൊക്കെയോ ഭാവങ്ങളിൽ മിന്നിമറഞ്ഞും മഴ ഈ വഴി കടന്നുപോയി.
May 28, 2010
വഴികൾ,തണൽമരങ്ങൾ,മഞ്ഞപ്പൂക്കൾ....
ആ വഴികൾ, ചുവരെഴുത്തുകൾ,മഞ്ഞപ്പൂക്കളുള്ള മരങ്ങൾ,ചുവന്ന നിറമുള്ള കെട്ടിടങ്ങൾ,
ആൾത്തിരക്കിനിടയിലും ഏകാന്തമായ തുരുത്തുകളെ ഒളിപ്പിച്ചുവെക്കുന്ന ഇടനാഴികൾ,
ഹൈഡ്രജൻ സൾഫൈഡിന്റെ മണം,
റെസണൻസ് ട്യൂബിന്റെ മുഴക്കമുള്ള ഫിസിക്സ് ലാബ്..
എല്ലാം പഴയതുപോലെത്തന്നെ..!
രണ്ടാം നിലയിലെ പഴയ ക്ലാസ്സിന്റെ വരാന്തയിൽ നിന്ന് താഴെ നടുമുറ്റത്തേക്കു നോക്കി നിൽക്കെ അവർ ഓർക്കാൻ ശ്രമിച്ചു..
പതിനൊന്നു വർഷങ്ങൾക്കു മുൻപ്,ഇവിടെ നിന്നു അമ്പരപ്പോടെ താഴേക്കു നോക്കി നിന്ന രണ്ടു കുട്ടികളെ...
ഇവിടെ എവിടെയൊക്കെയോ മറന്നുവെച്ചുപോയ ചിരികളെ...
ആരും കാണാതെ പോയ നൊമ്പരങ്ങളെ...
ആരെയും കാണിക്കാതിരുന്ന പേടികളെ...
ക്യാന്റീനിലേക്കുള്ള വഴിയിൽ പൊന്തക്കാടുകൾ പണ്ടത്തേക്കാളേറെയുണ്ട്.
ചായ കൊണ്ടുവെക്കുന്നതിനിടയിൽ,ചിരപരിചിതമായ ചിരിയോടെ രാമേട്ടൻ ചോദിച്ചു;
"സുഖം തന്നെയല്ലേ രണ്ടാൾക്കും..? എത്ര കാലായി കണ്ടിട്ട്..?"
ചായക്കപ്പുകൾക്കുമുൻപിൽ പരസ്പരം നോക്കിയിരുന്നപ്പോൾ,രാമേട്ടന്റെ ചായയിൽ നിന്ന് കഫേ കോഫി ഡേ യിലെ കപ്പോചീനോയിലേക്കും തിരിച്ചുമുള്ള ദൂരത്തെക്കുറിച്ചായിരിക്കണം ഇരുവരും ഓർത്തത്.
'ഒരു നിമിഷം മറന്നു,പരസ്പരം
മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ..'
എന്ന ഏറ്റവും പ്രിയപ്പെട്ട വരികൾ തന്നെയായിരിക്കണം ഇരുവർക്കുമിടയിൽ പെയ്തു തീർന്നത്.
രണ്ടുപേരും പഴയ ഋതുക്കളിലേക്ക് ഒരു മടക്കയാത്ര നടത്തി.
എത്ര നേരമാണ് അങ്ങനെയിരുന്നത്..!
"നിങ്ങളുടെ..കഴിഞ്ഞെങ്കിൽ...."
രാമേട്ടന്റെ ശബ്ദം അവരെ ഒരു ഞെട്ടലിലേക്ക് ഉണർത്തി.
"സീറ്റുകൾ കൂട്ടണമെന്ന് കുറെ നാളായി വിചാരിക്കുന്നു.നടന്നില്ല.അപ്പുറത്ത് കുട്ടികൾ കാത്തുനിൽക്കുന്നു.ചായ കുടിച്ചു കഴിഞ്ഞെങ്കിൽ...."
അടുത്ത നിമിഷം അവർ എഴുന്നേറ്റു.
രണ്ടുപേരുടേയും മനസ്സിലേക്കു ആ വാചകങ്ങൾ ഒരു നോവായി വന്നു വീണു.
കഴിഞ്ഞു, തങ്ങളുടെ കാലം.
പുതിയ കുട്ടികൾ കാത്തുനിൽക്കുന്നു...
അതു തുടർന്നുകൊണ്ടേയിരിക്കും.
ധൃതിയിൽ തിരിഞ്ഞു നടക്കുമ്പോൾ അവർക്കു തോന്നി,
എന്തൊക്കെയോ മറന്നു പോയിരിക്കുന്നു.
പറയാൻ കരുതി വെച്ചിരുന്ന പലതും.
യാത്ര പറയാൻ പോലും.
മഞ്ഞപ്പൂക്കൾ വീണുകിടക്കുന്ന വഴി അവസാനിച്ചപ്പോൾ രണ്ടുപേരും തിരിഞ്ഞു നോക്കിയില്ല.പുറകിൽ ആ പഴയ കെട്ടിടത്തെ പെട്ടെന്ന് ഒരു ചുവന്ന വിഷാദം വന്നു മൂടി.
May 8, 2010
എവിടേയ്ക്കോ മാഞ്ഞു പോയ വീട്
വീട് നിന്നിരുന്നിടത്ത് വലിയൊരു ശൂന്യത...
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍, കളിചിരികള്‍ വറ്റി, മൌനിയായി നിന്ന വീടീന്റെ ചിത്രം മനസ്സിലേക്ക് തിരിച്ചു കൊണ്ടുവരാനൊരു ശ്രമം നടത്തി.
വീട് പൊടുന്നനെ എവിടേയ്ക്കാണ് മാഞ്ഞുപോയത്..?
കൂട്ടിയിട്ട സിമന്റ് ചാക്കുകള്‍ക്കു മുകളില്‍ ഏറെ നേരമിരുന്നു.
പുറകില്‍ ആരോ ഗേറ്റ് തള്ളിത്തുറന്നതുപോലെ.
ഒരു അഞ്ചുവയസ്സുകാരന്‍ സ്കൂളിലേക്ക് ഓടിപ്പോയി.
വൈകുന്നേരം പുതിയ വിശേഷങ്ങളുമായി തിരികെ അമ്മയുടെ മടിയിലേക്ക് ഓടിക്കയറി.
രാത്രി, കോരിച്ചൊരിയുന്ന മഴയത്ത്, മകനു കളിക്കാനുള്ള പുതിയ പന്തുമായി അഛന്‍ കയറി വന്നു.
എത്രയോ രാത്രികള്‍.
പകലുകള്‍.
ഓര്‍മകള്‍.
പഴയ കിണര്‍ മാത്രം ഒരു മൂലയില്‍ ഒതുങ്ങിക്കിടപ്പുണ്ട്.
വേനലില്‍ വാടുകയും മഴയില്‍ തളിര്‍ക്കുകയും ചെയ്ത ബാല്യത്തെ മാറോട് ചേര്‍ത്തുപിടിച്ച്, വീട്, ഇവിടെ എവിടെയോ മറഞ്ഞു നില്‍പ്പുണ്ടാവണം.
തിരിഞ്ഞു നടക്കുമ്പോള്‍ മൂവാണ്ടന്‍ മാവിനെ ഒന്നു നോക്കി.
മാമ്പൂക്കള്‍...!
കാലം എല്ലാ വേനലിലും വഴിതെറ്റാതെ വന്നു മാമ്പൂക്കളായി വിടരട്ടെ...
പണ്ട്, ഉണ്ണി പിച്ചവെച്ചു നടന്ന ആ മുറ്റത്തേക്ക് ഓര്‍മകളുടെ കനികളായി വെറുതെ പൊഴിയാന്‍....
April 28, 2010
അയാ(വ)ള്‍
അതായത് 'സിറ്റിസണ്‍' എന്ന പദത്തിന്റെ നേരെ മറുവശം.
ഇന്റര്‍നെറ്റ് മാത്രം ഭക്ഷിക്കുന്നവര്‍.
'ഓഫ് ലൈന്‍ ' ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളോട് ഇത്തിരി പോലും താല്‍പര്യമില്ലാതെ 'ഓണ്‍ ലൈന്‍' ലോകങ്ങളില്‍ മാത്രം ജീവിക്കുന്നവര്‍...
അവിടെ സംഭവിച്ചേക്കാവുന്ന ഇങ്ങനെ ഒരു അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
രാവിലെ ജോലിക്കു പോയി, വൈകുന്നേരം തിരികെ വാടകവീട്ടിലെത്തുന്ന ഒരു വ്യക്തിയാണ് നിങ്ങളെന്നു വിചാരിക്കൂ...
ഓരോ ദിവസവും വന്നു കേറിയ നിമിഷം തന്നെ, ഭ്രാന്തമായ ആവേശത്തോടെ നിങ്ങള്‍ ഇന്റര്‍നെറ്റിലേക്കു കയറും.
പിന്നെ യാത്രകളാണ്.
പേരറിയാത്ത പ്രദേശങ്ങള്‍,സമതലങ്ങള്‍,താഴ്വരകള്‍,മനുഷ്യര്‍...
ആരൊക്കെയോ ചിരിക്കുന്നു, കുശലങ്ങള്‍ അന്വേഷിക്കുന്നു,പരിഭവിക്കുന്നു,തമാശ പറയുന്നു..
പേരറിയാത്ത, അഥവാ എന്തൊക്കെയോ പേരുകളുള്ള, ആരൊക്കെയോ..
അവരാണ് നിങ്ങളുടെ സുഹൃത്തുക്കള്‍.അവര്‍ മാത്രം.
എന്നും രാവിലെ ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങുമ്പോള്‍ കൃത്യമായി എതിരെ വരുന്ന പാല്‍കാരനെ നിങ്ങള്‍ കണ്ടിട്ടില്ല.എന്നും ബസ്സ് സ്റ്റോപ്പില്‍ വെച്ച് നിങ്ങളെ നോക്കി വെറുതെയാണെന്നറിഞ്ഞിട്ടും ചിരിക്കുന്ന സ്കൂള്‍ കുട്ടിയെ നിങ്ങള്‍ക്കറിയില്ല.എന്നും 'സുഖം തന്നെയല്ലേ' എന്നു വെറുതെ ചോദിക്കുന്ന ബസ്സ് കണ്ടക്ടറുടെ മുഖവും നിങ്ങള്‍ക്കോര്‍മയില്ല.
അവരെ ആരെയും നിങ്ങള്‍ക്കറിയില്ല.ആ മുഖങ്ങള്‍ നിങ്ങളുടെ ലോകത്തിലല്ല.
അവര്‍ 'ഓഫ് ലൈന്‍'
ആണല്ലോ...
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ, ഒരു രാത്രി ഏതോ താഴ്വരയിലെ ചാറ്റ് റൂമില്‍ വെച്ച് നിങ്ങള്‍ അയാ(വ)ളെ പരിചയപ്പെടുന്നു.
ആ സുഹൃത്തിന്റെ പേരാണ് എക്സ്.(ഗണിതത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ചരം, ഏതു രൂപവും ഭാവവും മൂല്യവും സ്വീകരിക്കാവുന്ന ഒന്ന്..)
പൊടുന്നനെയാണ് എക്സ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താവുന്നത്.
നിങ്ങളുടെ ചിന്തകള്‍ക്ക് ഒരേ തരംഗദൈര്‍ഘ്യമുണ്ടാവുകയും നിങ്ങളുടെ ഇഷ്ടങ്ങള്‍ ഒരേ ബിന്ദുവില്‍ സംഗമിക്കുകയും ചെയ്തു.
നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക് രാത്രിയുടെ അവസാനത്തോളം നീളമുണ്ടായി.
ഒറ്റ ജാലകം മാത്രമുള്ള നിങ്ങളുടെ പഴകി, ഇരുണ്ട മുറിയില്‍, പുറം ലോകത്തു നിന്നു വിസ്മൃതനായി നിങ്ങള്‍ എക്സിനോട് സംസാരിച്ചുകൊണ്ടേയിരുന്നു...
നിങ്ങളറിയാതെ പുറത്തെ ലോകത്ത്, ഇടക്ക് മഴ വന്നു പോയി.
നിലാവ് ഉദിച്ചു, അസ്തമിച്ചു.
ചീവീടുകള്‍ കരഞ്ഞു.
അകത്ത്, പഴയൊരു ബള്‍ബ്,ലാപ് ടോപ് സ്ക്രീനിന്റെ വെളിച്ചം,നിങ്ങള്‍, പിന്നെ എക്സ്.....
നിങ്ങളുടെ പകലുകള്‍, രാത്രിക്കു വേണ്ടിയുള്ള കാത്തിരിപ്പുകളാവുനു.
ദിവസങ്ങള്‍ കടന്നുപോവുന്നു.
അങ്ങനെയിരിക്കെ ഒരു രാത്രി, പെട്ടെന്ന് എക്സ്, സംഭാഷണത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ ഔപചാരികമായ ചില പദങ്ങളില്‍ തട്ടി വീഴുന്നു.
ചില വിടവുകള്‍...
വാക്കുകളില്‍ ചെറിയ മുറിവുകള്‍..
കണ്ടിരുന്നുവോ നിങ്ങളത്..?
എക്സിന്റെ ചിരിക്കു പിന്നില്‍ ദു:ഖത്തിന്റെ നനവുള്ള നേരിയ നിശ്വാസങ്ങള്‍..?
ഒരു ദിവസം, അപ്രതീക്ഷിതമായി, എക്സ് നിങ്ങളോട് ചോദിക്കുന്നു;
'എന്നെക്കുറിച്ച് നിനക്ക് എന്തെങ്കിലും അറിയാമോ..?'
നിങ്ങള്‍ ഒരു ചിരി അയച്ചു കൊടുക്കുന്നു.
എക്സ് ചോദിക്കുന്നു;
'എന്റെ പേരറിയേണ്ടേ..?'
'ഞാനാരാണെന്നറിയേണ്ടേ..?'
'എവിടെയാണെന്നറിയേണ്ടേ..?'
എല്ലാറ്റിന്റേയും മറുപടിയായി നിങ്ങള്‍ പറയുന്നു;
'വേണ്ട.'
എക്സ് ഒരു വരണ്ട ചിരി നിങ്ങള്‍ക്കയച്ചുതരുന്നു.
പിറ്റേന്ന് ജോലി കഴിഞ്ഞു വരുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം നിങ്ങള്‍ കാണുന്നു.ഇതുവരെ ഒരിക്കല്‍ പോലും കയറിയിട്ടില്ലാത്ത ആ വീട്ടിലേക്ക് നിങ്ങല്‍ ആദ്യമായി കയറുന്നു.
നടുത്തളത്തില്‍ ഒരു ശരീരം.
ആരോ പറഞ്ഞു;
'ആത്മഹത്യയാണ്.'
പതിവു നിസ്സംഗതയെ അസാധാരണമാം വിധം ഒരു ജിജ്ഞാസ കീഴടക്കിയതുകൊണ്ട് നിങ്ങള്‍ ആള്‍ക്കൂട്ടത്തിലൂടെ ഒന്നു പാളി നോക്കുന്നു.
ആ മുഖം..?
എന്നും രാത്രി കാണുന്ന പരിചിതമായ ഒരു മുഖം നല്‍കിയ ഞെട്ടല്‍ മാറുന്നതിനു മുന്‍പു തന്നെ, നിങ്ങള്‍ മുറിയിലേക്കോടി, ലാപ് ടോപ് തുറന്നു , ലോഗ് ഇന്‍ ചെയ്യുന്നു.
കൈകള്‍ വിറക്കുകയും ശരീരം തളരുകയും ചെയ്യുന്നത് വക വെക്കാതെ, കോണ്ടാക്റ്റ്സ് ലിസ്റ്റില്‍ നിങ്ങള്‍ എക്സിനെ പരതുന്നു.
എക്സ് ഓഫ് ലൈന്‍..!
എക്സിന്റെ പ്രൊഫൈല്‍ ഫോട്ടോയിലേക്ക് നിങ്ങള്‍ ഒന്നേ നോക്കിയുള്ളൂ,
അപ്പോള്‍..?
ഭയം എന്നു വിളിക്കാവുന്ന, തണുത്ത എന്തോ ഒന്ന് നിങ്ങളുടെ ദേഹത്തേക്ക് അരിച്ചുകയറുന്നു...
April 27, 2010
വാതിലുകൾ
വളരെ പണിപ്പെട്ട്,ഞാൻ എന്റെ പ്രശ്നം ഡോക്ടറുടെ മുന്നിലവതരിപ്പിച്ചു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്നും തീരാത്ത ഒരു സംശയമാണ്,വീടിന്റെ വാതിലുകൾ എല്ലാം അടച്ചോ എന്ന്..
എഴുന്നേറ്റ് ഒരിക്കൽ കൂടി എല്ലായിടത്തും പോയി ഉറപ്പുവരുത്തി കിടന്നാലും അൽപനേരം കഴിയുമ്പോൾ സംശയം വീണ്ടും..
ഏതെങ്കിലും വാതിലടക്കാൻ വിട്ടു പോയോ..?
പിന്നേയും എഴുന്നേറ്റ് നോക്കുന്നു, വന്നു കിടക്കുന്നു.ഉറക്കത്തിലേക്കു വഴുതി വീഴുന്ന ആ നിമിഷം തന്നെ ഞെട്ടി എഴുന്നേൽക്കുന്നു.
ഇല്ല- ഏതൊക്കെയോ വാതിലുകൾ അടക്കാൻ വിട്ടു പോയിട്ടുണ്ട്.
അടുക്കളയിൽ നിന്ന് പുറത്തേക്കു തുറക്കുന്ന വാതിൽ..?
ഏതൊക്കെയോ അടക്കാൻ ബാക്കിയുണ്ട്...
വയ്യ, ഡോക്ടർ..ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി.
വാതിലുകൾ..അതാണെന്റെ അസുഖം...
ഒരു നിമിഷം ആലോചിച്ച ശേഷം ഡോക്ടർ പറഞ്ഞു;
"ശരി.ഇന്നു രാത്രി 12 മണിക്കു ശേഷം ക്ലിനിക്കിലേക്കു വരൂ.നമുക്കൊന്നു നടക്കാൻ പോവാം."
അന്നു രാത്രി 12 മണിക്കു ഡോക്ടർ എന്നേയും കൂട്ടി നഗരത്തിലേക്കിറങ്ങി.
നഗരം ഉറക്കത്തിലേക്കു വഴുതി വീണുകഴിഞ്ഞിരുന്നു.
തെരുവു വിളക്കിന്റെ നിയോൺ വെളിച്ചത്തിനു താഴെ,നിരയായി കിടന്നുറങ്ങുന്ന മനുഷ്യർ..
അവിടെ എത്തിയപ്പോൾ,ഡോക്ടർ നടത്തം നിർത്തി.
"ഇന്നു രാത്രി,ഇവിടെ,ഈ മനുഷ്യരുടെ കൂടെ ഉറങ്ങു..."
ഞാനൊന്നു ഞെട്ടി.
ഡോക്ടർ പരുഷമായിത്തന്നെ ചോദിച്ചു;
"നിങ്ങളുടെ അസുഖം മാറണോ..?"
ഞാൻ അനുസരിച്ചു.
അന്നു രാത്രി, അവരുടെ കൂടെ ഞാനുറങ്ങി.സ്വന്തമായി വീടും വാതിലുകളുമില്ലാത്ത ആ മനുഷ്യരുടെ കൂടെ..
ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.
കടൽത്തീരത്ത്, രാത്രി, തനിച്ചു കിടന്നുറങ്ങുന്ന ഞാൻ.
വിശാലമായ മണൽപ്പരപ്പ്.
വാതിലുകളെ കുറിച്ചുള്ള ഞെട്ടലുകളില്ലാതെ സുഖമായുറങ്ങി.
February 27, 2010
ഒന്നാം ക്ലാസ്സ്
മുളങ്കാടു കടന്ന്, പാടവരമ്പിൽ വഴുതിയിറങ്ങി,സ്കൂളിലേക്കു പോയി.
സ്കൂൾ മുറ്റത്തു വെച്ച്,പൂമ്പാറ്റ വന്ന് കവിളിൽ തൊട്ടു.
കിളി ഒരു പാട്ടു തന്നു.
മാഷ് ക്ലാസ്സിൽ കയറി.വാതിൽ താഴിട്ടടച്ചു.പാഠപുസ്തകം തുറന്നു.
ഒന്നാം പേജിൽ പൂമ്പാറ്റയുടെ ശവം പുഴു തിന്നുന്നു.
രണ്ടാം പേജിൽ കഴുത്തു ഞെരിഞ്ഞമർന്ന കിളി.
പാട്ട് ആരാണ് കട്ടെടുത്തത്...?