April 28, 2010

അയാ(വ)ള്‍

'നെറ്റിസണ്‍' എന്നൊക്കെ വിളിക്കപ്പെടാവുന്ന ഒരു അവസ്ഥയെക്കുറിച്ച്‌ ആലോചിച്ചു നോക്കിയിട്ടുണ്ടോ..?
അതായത്‌ 'സിറ്റിസണ്‍' എന്ന പദത്തിന്റെ നേരെ മറുവശം.
ഇന്റര്‍നെറ്റ്‌ മാത്രം ഭക്ഷിക്കുന്നവര്‍.
'ഓഫ്‌ ലൈന്‍ ' ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളോട്‌ ഇത്തിരി പോലും താല്‍പര്യമില്ലാതെ 'ഓണ്‍ ലൈന്‍' ലോകങ്ങളില്‍ മാത്രം ജീവിക്കുന്നവര്‍...

അവിടെ സംഭവിച്ചേക്കാവുന്ന ഇങ്ങനെ ഒരു അവസ്ഥയെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ടോ?

രാവിലെ ജോലിക്കു പോയി, വൈകുന്നേരം തിരികെ വാടകവീട്ടിലെത്തുന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെന്നു വിചാരിക്കൂ...

ഓരോ ദിവസവും വന്നു കേറിയ നിമിഷം തന്നെ, ഭ്രാന്തമായ ആവേശത്തോടെ നിങ്ങള്‍ ഇന്റര്‍നെറ്റിലേക്കു കയറും.

പിന്നെ യാത്രകളാണ്‌.
പേരറിയാത്ത പ്രദേശങ്ങള്‍,സമതലങ്ങള്‍,താഴ്വരകള്‍,മനുഷ്യര്‍...
ആരൊക്കെയോ ചിരിക്കുന്നു, കുശലങ്ങള്‍ അന്വേഷിക്കുന്നു,പരിഭവിക്കുന്നു,തമാശ പറയുന്നു..
പേരറിയാത്ത, അഥവാ എന്തൊക്കെയോ പേരുകളുള്ള, ആരൊക്കെയോ..
അവരാണ്‌ നിങ്ങളുടെ സുഹൃത്തുക്കള്‍.അവര്‍ മാത്രം.

എന്നും രാവിലെ ഗേറ്റ്‌ തുറന്നു പുറത്തേക്കിറങ്ങുമ്പോള്‍ കൃത്യമായി എതിരെ വരുന്ന പാല്‍കാരനെ നിങ്ങള്‍ കണ്ടിട്ടില്ല.എന്നും ബസ്സ്‌ സ്റ്റോപ്പില്‍ വെച്ച്‌ നിങ്ങളെ നോക്കി വെറുതെയാണെന്നറിഞ്ഞിട്ടും ചിരിക്കുന്ന സ്കൂള്‍ കുട്ടിയെ നിങ്ങള്‍ക്കറിയില്ല.എന്നും 'സുഖം തന്നെയല്ലേ' എന്നു വെറുതെ ചോദിക്കുന്ന ബസ്സ്‌ കണ്ടക്ടറുടെ മുഖവും നിങ്ങള്‍ക്കോര്‍മയില്ല.

അവരെ ആരെയും നിങ്ങള്‍ക്കറിയില്ല.ആ മുഖങ്ങള്‍ നിങ്ങളുടെ ലോകത്തിലല്ല.
അവര്‍ 'ഓഫ്‌ ലൈന്‍'
ആണല്ലോ...

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ, ഒരു രാത്രി ഏതോ താഴ്വരയിലെ ചാറ്റ്‌ റൂമില്‍ വെച്ച്‌ നിങ്ങള്‍ അയാ(വ)ളെ പരിചയപ്പെടുന്നു.

ആ സുഹൃത്തിന്റെ പേരാണ്‌ എക്സ്‌.(ഗണിതത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ചരം, ഏതു രൂപവും ഭാവവും മൂല്യവും സ്വീകരിക്കാവുന്ന ഒന്ന്..)

പൊടുന്നനെയാണ്‌ എക്സ്‌ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താവുന്നത്‌.

നിങ്ങളുടെ ചിന്തകള്‍ക്ക്‌ ഒരേ തരംഗദൈര്‍ഘ്യമുണ്ടാവുകയും നിങ്ങളുടെ ഇഷ്ടങ്ങള്‍ ഒരേ ബിന്ദുവില്‍ സംഗമിക്കുകയും ചെയ്തു.

നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക്‌ രാത്രിയുടെ അവസാനത്തോളം നീളമുണ്ടായി.

ഒറ്റ ജാലകം മാത്രമുള്ള നിങ്ങളുടെ പഴകി, ഇരുണ്ട മുറിയില്‍, പുറം ലോകത്തു നിന്നു വിസ്മൃതനായി നിങ്ങള്‍ എക്സിനോട്‌ സംസാരിച്ചുകൊണ്ടേയിരുന്നു...

നിങ്ങളറിയാതെ പുറത്തെ ലോകത്ത്‌, ഇടക്ക്‌ മഴ വന്നു പോയി.
നിലാവ്‌ ഉദിച്ചു, അസ്തമിച്ചു.
ചീവീടുകള്‍ കരഞ്ഞു.

അകത്ത്‌, പഴയൊരു ബള്‍ബ്‌,ലാപ്‌ ടോപ്‌ സ്ക്രീനിന്റെ വെളിച്ചം,നിങ്ങള്‍, പിന്നെ എക്സ്‌.....

നിങ്ങളുടെ പകലുകള്‍, രാത്രിക്കു വേണ്ടിയുള്ള കാത്തിരിപ്പുകളാവുനു.
ദിവസങ്ങള്‍ കടന്നുപോവുന്നു.

അങ്ങനെയിരിക്കെ ഒരു രാത്രി, പെട്ടെന്ന് എക്സ്‌, സംഭാഷണത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ ഔപചാരികമായ ചില പദങ്ങളില്‍ തട്ടി വീഴുന്നു.
ചില വിടവുകള്‍...
വാക്കുകളില്‍ ചെറിയ മുറിവുകള്‍..
കണ്ടിരുന്നുവോ നിങ്ങളത്‌..?

എക്സിന്റെ ചിരിക്കു പിന്നില്‍ ദു:ഖത്തിന്റെ നനവുള്ള നേരിയ നിശ്വാസങ്ങള്‍..?

ഒരു ദിവസം, അപ്രതീക്ഷിതമായി, എക്സ്‌ നിങ്ങളോട്‌ ചോദിക്കുന്നു;
'എന്നെക്കുറിച്ച്‌ നിനക്ക്‌ എന്തെങ്കിലും അറിയാമോ..?'
നിങ്ങള്‍ ഒരു ചിരി അയച്ചു കൊടുക്കുന്നു.
എക്സ്‌ ചോദിക്കുന്നു;
'എന്റെ പേരറിയേണ്ടേ..?'
'ഞാനാരാണെന്നറിയേണ്ടേ..?'
'എവിടെയാണെന്നറിയേണ്ടേ..?'

എല്ലാറ്റിന്റേയും മറുപടിയായി നിങ്ങള്‍ പറയുന്നു;
'വേണ്ട.'
എക്സ്‌ ഒരു വരണ്ട ചിരി നിങ്ങള്‍ക്കയച്ചുതരുന്നു.

പിറ്റേന്ന് ജോലി കഴിഞ്ഞു വരുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം നിങ്ങള്‍ കാണുന്നു.ഇതുവരെ ഒരിക്കല്‍ പോലും കയറിയിട്ടില്ലാത്ത ആ വീട്ടിലേക്ക്‌ നിങ്ങല്‍ ആദ്യമായി കയറുന്നു.
നടുത്തളത്തില്‍ ഒരു ശരീരം.
ആരോ പറഞ്ഞു;
'ആത്മഹത്യയാണ്‌.'

പതിവു നിസ്സംഗതയെ അസാധാരണമാം വിധം ഒരു ജിജ്ഞാസ കീഴടക്കിയതുകൊണ്ട്‌ നിങ്ങള്‍ ആള്‍ക്കൂട്ടത്തിലൂടെ ഒന്നു പാളി നോക്കുന്നു.
ആ മുഖം..?

എന്നും രാത്രി കാണുന്ന പരിചിതമായ ഒരു മുഖം നല്‍കിയ ഞെട്ടല്‍ മാറുന്നതിനു മുന്‍പു തന്നെ, നിങ്ങള്‍ മുറിയിലേക്കോടി, ലാപ്‌ ടോപ്‌ തുറന്നു , ലോഗ്‌ ഇന്‍ ചെയ്യുന്നു.

കൈകള്‍ വിറക്കുകയും ശരീരം തളരുകയും ചെയ്യുന്നത്‌ വക വെക്കാതെ, കോണ്ടാക്റ്റ്സ്‌ ലിസ്റ്റില്‍ നിങ്ങള്‍ എക്സിനെ പരതുന്നു.

എക്സ്‌ ഓഫ്‌ ലൈന്‍..!

എക്സിന്റെ പ്രൊഫൈല്‍ ഫോട്ടോയിലേക്ക്‌ നിങ്ങള്‍ ഒന്നേ നോക്കിയുള്ളൂ,


അപ്പോള്‍..?

ഭയം എന്നു വിളിക്കാവുന്ന, തണുത്ത എന്തോ ഒന്ന് നിങ്ങളുടെ ദേഹത്തേക്ക്‌ അരിച്ചുകയറുന്നു...

13 comments:

Niranjana said...

കുറിപ്പ് നന്നായിരിക്കുന്നു ശ്രീ... ഭാഷയിലെ മുറുക്കം, സാന്ദ്രത ഒക്കെ മനസ്സിലേക്കും പടര്‍ത്തുന്ന ഒന്ന്...
നയന

Niranjana said...
This comment has been removed by the author.
RubyShiv said...

i was xpectin an irony but this one had a sad endin...hope sumhow
h(s)e cumes online again :)

വിനയന്‍ said...

ഇത് പുതിയ സംസ്കാരം ഇവിടെ ഇപ്പോള്‍ 'citizen' ഇല്ല. ചുറ്റും കാണുന്നവര്‍ 'netizen' ആയിക്കഴിഞ്ഞു. ബ്ലോഗ്ഗുകളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ശൃംഖലകളിലൂടെയും ചാറ്റ് റൂമുകളിലൂടെയും മാത്രം സംവദിക്കാനറിയുന്നവര്‍. വെല്‍കം ടു ദ ന്യു വേള്‍ഡ്‌....
ശ്രീദേവ്, വളരെ നല്ല ലേഖനം. വളരെയധികം ഇഷ്ട്ടപ്പെട്ടു.

smitha bai said...

Finally your thoughts began to bleed, uh?!
These lines caught my attention through out...
waiting for the next.

Jayesh/ജയേഷ് said...

ഒട്ടും അധികപ്പറ്റില്ലാതെ പറഞ്ഞു. നന്നായി

Vimal Chandran said...

I call it 'escapism'..this one is nice...

mini//മിനി said...

അതും അതിനപ്പുറവും ആവാം. നല്ല കഥ.

Anonymous said...

ഓ! സുഹൃതെ മനസ്സിൽ തട്ടുന്ന വിവരണം.

എല്ലാറ്റിനും പരിധിയുണ്ടു്. പരിധി വിട്ടാൽ കാത്തിരിക്കുന്നത് വലിയ ദുരന്തം തന്നെയാണെന്നു് ഓർമിപ്പിക്കുന്നുണ്ട് താങ്കളുടെ കുറിപ്പ്.

കുസുമം ആര്‍ പുന്നപ്ര said...

nalla story.
write again and again.i searched this blog
for a write up in mathrubhumi weekly . it is not urs? ok. well i have also a blog named"pkkusumakumari.blogspot.com" if u have some time please go through it. ok

പട്ടേപ്പാടം റാംജി said...

സമകാലീന ദുരന്തത്തെ കുറച്ചു വരികളില്‍ ഒതുക്കി പറഞ്ഞ മനോഹരമായ കഥ. വായിച്ചു കഴിയുമ്പോള്‍ ഇതുപോര ഇന്തിനേക്കാള്‍ ഇനിയും കുറെ വേണം എന്ന് ആഗ്രഹിച്ചുപോകുന്നു.

വളരെ നന്നായി ശീദേവ്

Minesh Ramanunni said...

ശ്രീദേവ് , കുറെ കാലങ്ങളായി തന്റെ ഒരു കഥ വായിച്ചിട്ട് . അതുകൊണ്ട് തന്നെ ഇത് വളരെ ഹൃദ്യമായിത്തോന്നി . ചിന്തയിലെ ഈ പുതുമ , രചനയില്‍ പഴയ ആ ശ്രീദേവിന്റെ സൌന്ദര്യം എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞു. എഴുത്ത് തുടരുക ( പിന്നെ മുകുന്ദന്റെ അഗ്നി എന്ന നോവല്‍ വായിച്ചിട്ടുണ്ടോ , ശ്രീദേവ് പകര്‍ന്നു നല്‍കിയ ഈ അനുഭവം അഗ്നിയിലും ഉണ്ട് ) ആശംസകളോടെ

charu said...

touching.. and nice flow. :)

Followers