May 8, 2010

എവിടേയ്ക്കോ മാഞ്ഞു പോയ വീട്‌

ബാല്യം ചെലവിട്ട ആ വീട്‌ പൊളിച്ചുമാറ്റിയിരിക്കുന്നു.ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നലെ അവിടെ ഒന്നു പോയി.

വീട്‌ നിന്നിരുന്നിടത്ത്‌ വലിയൊരു ശൂന്യത...
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍, കളിചിരികള്‍ വറ്റി, മൌനിയായി നിന്ന വീടീന്റെ ചിത്രം മനസ്സിലേക്ക്‌ തിരിച്ചു കൊണ്ടുവരാനൊരു ശ്രമം നടത്തി.

വീട്‌ പൊടുന്നനെ എവിടേയ്ക്കാണ്‌ മാഞ്ഞുപോയത്‌..?

കൂട്ടിയിട്ട സിമന്റ്‌ ചാക്കുകള്‍ക്കു മുകളില്‍ ഏറെ നേരമിരുന്നു.

പുറകില്‍ ആരോ ഗേറ്റ്‌ തള്ളിത്തുറന്നതുപോലെ.
ഒരു അഞ്ചുവയസ്സുകാരന്‍ സ്കൂളിലേക്ക്‌ ഓടിപ്പോയി.
വൈകുന്നേരം പുതിയ വിശേഷങ്ങളുമായി തിരികെ അമ്മയുടെ മടിയിലേക്ക്‌ ഓടിക്കയറി.
രാത്രി, കോരിച്ചൊരിയുന്ന മഴയത്ത്‌, മകനു കളിക്കാനുള്ള പുതിയ പന്തുമായി അഛന്‍ കയറി വന്നു.

എത്രയോ രാത്രികള്‍.
പകലുകള്‍.
ഓര്‍മകള്‍.

പഴയ കിണര്‍ മാത്രം ഒരു മൂലയില്‍ ഒതുങ്ങിക്കിടപ്പുണ്ട്‌.
വേനലില്‍ വാടുകയും മഴയില്‍ തളിര്‍ക്കുകയും ചെയ്ത ബാല്യത്തെ മാറോട്‌ ചേര്‍ത്തുപിടിച്ച്‌, വീട്‌, ഇവിടെ എവിടെയോ മറഞ്ഞു നില്‍പ്പുണ്ടാവണം.

തിരിഞ്ഞു നടക്കുമ്പോള്‍ മൂവാണ്ടന്‍ മാവിനെ ഒന്നു നോക്കി.
മാമ്പൂക്കള്‍...!
കാലം എല്ലാ വേനലിലും വഴിതെറ്റാതെ വന്നു മാമ്പൂക്കളായി വിടരട്ടെ...
പണ്ട്‌, ഉണ്ണി പിച്ചവെച്ചു നടന്ന ആ മുറ്റത്തേക്ക്‌ ഓര്‍മകളുടെ കനികളായി വെറുതെ പൊഴിയാന്‍....

15 comments:

Minesh Ramanunni said...

വീണ്ടും എഴുത്തില്‍ സജ്ജീവമയല്ലോ തുടരുക ഇനിയും മികച്ച രചനകള്‍ പ്രതീക്ഷിക്കുന്നു

Unknown said...

parayaan ariyilla! athrakkum nannayirikkunnu! prathyekichum avasaanathe randu varikal! pinne achan panthumaayi mazhayathu kayari varunnathu!!

Niranjana said...

കാലം എല്ലാ വേനലിലും വഴിതെറ്റാതെ വന്നു മാമ്പൂക്കളായി വിടരട്ടെ...

മനോഹരമായി ശ്രീ...

sreejith said...

good one.....!
keep writing
congrats

ശ്രീ said...

ഒരു നൊസ്റ്റാള്‍ജിക് ഫീല്‍...

വിനയന്‍ said...

നീ റെഗുലര്‍ ആയി എഴുതാന്‍ തുടങ്ങിയല്ലേ...നല്ല ഒരു ഫീലിംഗ് ആയിരുന്നു വായിക്കുമ്പോള്‍...നല്ല എഴുത്ത്...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇവിടെ എവിടെയോ ..

vinus said...

നന്നായി എഴുതി.ടൈറ്റിൽ തന്നെ മനോഹരം .എനിക്കുമുണ്ട് മാഞ്ഞു പോയൊരോർമ്മ

Rekha said...

Sree,
Baalyathinteyum,swantham veedinteyum,smaranayekkal sukhakaravum samunnathavum,drudavumayi mattonnillennu ariyuka....Baalyathil ninnum shekharichittulla nalla ormakal athanu nalla vidhyabhyasam.. entha sariyalle?

ഇഗ്ഗോയ് /iggooy said...

മാഞ്ഞു പോകുന്നത് വീടാകുമോ എന്നത്
അസ്ഥാനത്തെ ചോദ്യമാകും. എന്തായാലും
വീടില്ലാതായാല്‌ മുറ്റം ഉണ്ടാകുമോ എന്നാണിപ്പൊ സംശയം.
മുറ്റത്തല്ലേ മാവ്‌. അതിലെ പൂങ്കുല ഒടിച്ച കുട്ടിയല്ലെ ഇത്രകാലവും
നമ്മെ കരയിച്ചത്‌. അതുകൊണ്ട് മുറ്റത്തിന്‌ വേണ്ടി വീട്‌ മായാതിരിക്കട്ടേ

Raveena Raveendran said...

വേനലില്‍ വാടുകയും മഴയില്‍ തളിര്‍ക്കുകയും ചെയ്ത ബാല്യത്തെ മാറോട്‌ ചേര്‍ത്തുപിടിച്ച്‌, വീട്‌, ഇവിടെ എവിടെയോ മറഞ്ഞു നില്‍പ്പുണ്ടാവണം.
-മനോഹരമായിരിക്കുന്നു

(കൊലുസ്) said...

ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലോ മാഷേ..

Anonymous said...

" കാലം എല്ലാ വേനലിലും വഴിതെറ്റാതെ വന്നു മാമ്പൂക്കളായി വിടരട്ടെ...
പണ്ട്‌, ഉണ്ണി പിച്ചവെച്ചു നടന്ന ആ മുറ്റത്തേക്ക്‌ ഓര്‍മകളുടെ കനികളായി വെറുതെ പൊഴിയാന്‍..."

ലളിത മനോഹരം ഈ നഷ്ട്ട ബാല്യത്തിന്‍ നിര്‍വൃതി ...

Rare Rose said...

ഭംഗിയുള്ള എഴുത്ത്.ഒരുപാട് ഓര്‍മ്മകളിലേക്ക് പെട്ടെന്നു കേറിയിറങ്ങിപ്പോയതു പോലെ..

Unknown said...

ithethra vaayichaalum mathiyaavunnilla!!

Followers