ഒരു മഴ വന്നു.
1.
നെടുവീർപ്പുകളിൽ ചുട്ടുപഴുത്തു കിടക്കുകയായിരുന്ന പാടവരമ്പുകളിലിരുന്ന് ആരോ പറഞ്ഞു;
"ഹാവൂ...ഇപ്പഴെങ്കിലും ഒന്നു വരാൻ തോന്നീലോ...!"
2.
ഉണക്കാനിട്ടിരുന്ന സാരിയും വാരിയെടുത്തുകൊണ്ടോടുന്നതിനടയിൽ അമ്മിണിയേടത്തി പിറുപിറുത്തു;
"നശിച്ച മഴക്ക് വരാൻ കണ്ടൊരു സമയം...നാളെ കല്യാണത്തിനു പോവാനിട്ടിരുന്ന സാരിയായിരുന്നു...."
3.
മധുരമായ ഒരാലസ്യത്തിൽ മഴയിലേക്കു നോക്കിയിരുന്ന അവളുടെ കാതിൽ അവൻ പറഞ്ഞു;
"നമ്മുടെ കുഞ്ഞ്, നിന്നിലുയിർക്കേണ്ടത് ഈ മഴയിലൂടെയാവണം...."
4.
മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുൻപിൽ കാത്തുനിൽക്കുകയായിരുന്ന എതോ ഒരമ്മ, പെട്ടെന്ന്, ഒരു ഭ്രാന്തിയെപ്പോലെ മഴയിലേക്കോടിയിറങ്ങി, ഹൃദയം പൊട്ടുമാറ് നിലവിളിച്ചു;
"എന്റെ മോനേ..."
5.
മഴയത്ത് കളിയവസാനിപ്പിക്കേണ്ടിവന്ന അർജന്റീനക്കാരൻ കുഞ്ഞഹമ്മദും ബ്രസീലുകാരൻ രാജേഷും,മെസ്സിയുടെയും കക്കായുടേയും ടിഷർട്ടുകളൂരി, കൈമാറി ,പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു.
അങ്ങനെയങ്ങനെ,പ്രതീക്ഷയുടെ പുൽനാമ്പിൽ തലോടിയും പ്രണയപാരവശ്യങ്ങളിൽ കുളിർത്തും പരിഭവക്കാറ്റിൽ കലമ്പിയും സങ്കടക്കടലിൽ കാലിടറി വീണും പിന്നേയും പേരറിയാത്ത ഏതൊക്കെയോ ഭാവങ്ങളിൽ മിന്നിമറഞ്ഞും മഴ ഈ വഴി കടന്നുപോയി.