February 20, 2011

ഗെറ്റിംഗ് ഹോം- വീട്ടിലേക്കുള്ള യാത്ര എവിടെയാണ് അവസാനിക്കുന്നത്‌?










സിനിമ: ഗെറ്റിംഗ് ഹോം
രാജ്യം: ചൈന
റിലീസ്‌:2007

സുഹൃത്തിന്റെ മൃതശരീരവും ചുമലിലേന്തി ഒരാള്‍ നടത്തുന്ന യാത്ര. ആ സുഹൃത്തിന്റെ വീട്ടില്‍ ആ ശരീരം ഏല്പിക്കണം. അത് സ്വന്തം കടമയായി ഏറ്റെടുത്തതാണ് ആ മനുഷ്യന്‍!
ചൈനയുടെ മനോഹരമായ ഭൂപ്രകൃതിയിലൂടെ ആ മനുഷ്യന്‍ നടത്തുന്ന വിചിത്രമായ യാത്രയുടെ കഥയാണ് 'ഗെറ്റിംഗ് ഹോം.'

ഉറവ വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ ആഖ്യായികയാണ് ഈ സിനിമ.ഏതൊരു മഹത്തായ സൃഷ്ടിയുടേയും പിന്നില്‍ മാനവികതയുടെ ഒരു സൗന്ദര്യശാസ്ത്രമുണ്ടാവുമെന്ന് പറയാറില്ലേ,ആ സൗന്ദര്യം തന്നെയാണ് ഗെറ്റിംഗ് ഹോമിലും കാണാനാവുന്നത്.
നാട്യങ്ങളില്ലാത്ത, ലളിതമായ , അനായാസമായി സംവദിക്കുന്ന സിനിമ.

ഈ യാത്ര വലിയൊരു കാന്‍വാസില്‍ വരച്ച ചൈനയുടെ ഒരു കാരിക്കേച്ചര്‍ നമുക്ക് തരുന്നു.
പ്രകൃതി, മനുഷ്യര്‍ , ജനജീവിതം, സ്നേഹം, സ്നേഹമില്ലായ്മ, വഞ്ചന, ത്യാഗം..അങ്ങനെ ഈ കാന്‍വാസില്‍ മൂര്‍ത്തമാവാത്തതായി ഒന്നുമില്ല.

നര്‍മത്തിന്റെ നനുത്ത ആവരണം കൊണ്ടു മൂടിയിട്ടുണ്ടെങ്കിലും , ഇതിലെ ഓരോ ചിരിയും നിങ്ങള്‍ അവസാനിപ്പിക്കുന്നത് ഒരു ഗദ്ഗദത്തിന്റെ നനവോടെയായിരിക്കും...

ഇത് വീട്ടിലെത്താനുള്ള ഒരു യാത്രയുടെ കഥയാണ്.
ഭിന്നപ്രകൃതിയിലൂടെ, ഭിന്ന ഭാവങ്ങളിലൂടെ,ഭിന്ന സ്വരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ സ്വന്തം വേരുകളിലേക്ക് തന്നെ മടങ്ങിയെത്തുന്ന ജീവിതമെന്ന യാത്രയുടെ കഥ.....

Followers