October 23, 2011

ജീവിതം ഒരു താക്കോല്‍ ദ്വാരത്തിനപ്പുറത്ത്

ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ പൊടുന്നനെ ഞാനെന്‍റെ പാസ്‌വേഡുകളെല്ലാം മറന്നുപോയി..!!
ജീവിതം പാസ്‌വേഡുകള്‍ക്കപ്പുറത്ത് പരിഹസിച്ചു നില്‍ക്കുന്നു.
ഞാനിപ്പുറത്തും.
ആകെ ഒരു മരവിപ്പ്‌.ഇന്നലെ രാത്രി എനിക്കെന്തോ സംഭവിച്ചിട്ടുണ്ട്.

'ഉണര്‍ന്നാലുടന്‍ എന്നെ വിളിക്കൂ ' എന്ന കുറിപ്പെഴുതി വെച്ചിട്ട് അവള്‍ ജോലിക്ക് പോയിരിക്കുന്നു.മൊബൈല്‍ ഫോണ്‍ എടുത്ത് വിളിക്കാന്‍ തുടങ്ങിയപ്പോഴാണ്
ആദ്യത്തെ ഞെട്ടല്‍ ..
അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണ്‍ മറന്നുപോയിരിക്കുന്നു..!!
എത്ര ശ്രമിച്ചിട്ടും ഓര്‍മ വരുന്നില്ല...
എന്തിനായിരിക്കും വിളിക്കാന്‍ പറഞ്ഞത്?
എങ്ങനെ അവളെ വിളിക്കും..?
ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കാന്‍ അറിയാത്തവന് , മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുക എന്നത് സ്മൃതിനാശം തന്നെയാണ്.!!

ലാന്‍ഡ്‌ഫോണിന്‍റെ അടുത്തേക്കോടി.
സുഹൃത്തിന്‍റെ വോയ്സ് മെയ്ല്‍ .
'ഉണര്‍ന്നാലുടന്‍ ഇമെയ്ല്‍ പരിശോധിക്കുക .നീ ഇന്നലെ സബ്മിറ്റ് ചെയ്ത എസ്‌റ്റിമേറ്റ് ബോസ് തള്ളിക്കളഞ്ഞു. എന്തോ പ്രശ്നമുണ്ട് .'
പരിഭ്രാന്തിയോടെ ലാപ്‌ടോപ്പെടുത്ത് ലോഗ് ഇന്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ...
ലാപ്‌ടോപ്പിന്‍റെ പാസ്‌വേഡ് ...??

ബന്ധങ്ങളൊക്കെ അറ്റുതുടങ്ങുകയാണോ..?
ഇന്‍റര്‍നെറ്റിന്റെ വാതില്‍ അടയുക എന്നതിനര്‍ത്ഥം, വലിയൊരു ഘര്‍ഷണത്തില്‍പ്പെട്ട് ജീവിതത്തിന്‍റെ ഉരുളല്‍ നിലയ്ക്കുക എന്നാണ്.
പത്രം വായിക്കാനാവാതെ, വീടിന്റെ വാടക കൊടുക്കാനാവാതെ, ശമ്പളം അക്കൌണ്ടില്‍ എത്തിയോ എന്ന് നോക്കാനാവാതെ, ബാങ്ക് ലോണും ടെലഫോണ്‍ ബില്ലുമടയ്ക്കാനാവാതെ ഞാന്‍ പകച്ചു നിന്നു .

എല്ലാം ഒരു പാസ്‌വേഡിനപ്പുറത്താണ്.
ഞാനെങ്ങനെ അപ്പുറത്തെത്തും?
എനിക്കിനി തുടര്‍ന്നു ജീവിക്കാനാവില്ലേ..?

പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല.എനിക്കു വിശക്കുന്നു.ഈ മുറിക്കുള്ളിലിരുന്നാല്‍ എനിക്കു ഭ്രാന്ത്‌ പിടിയ്ക്കും.
പുറത്ത് നഗരം പൊള്ളുന്ന വേഗത്തിലേക്ക് ചലിച്ചു തുടങ്ങി.
എന്തെങ്കിലും ഭക്ഷണം വാങ്ങാനായി പഴ്സ് തുറന്നു.പണം തീര്‍ന്നിരിക്കുന്നു. എ.ടി.എം കൌണ്ടറിലെത്തി കീ അമര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ....

എ.ടി.എമ്മിന്‍റെ പിന്‍ നമ്പര്‍ ...??

എനിക്ക് ശരിക്കും പേടി തോന്നിത്തുടങ്ങി. ജീവിതം നഷ്ടമാവുന്നു.തെരുവിലൂടെ നടക്കുന്ന ആരോടെങ്കിലും ചോദിച്ചു നോക്കിയാലോ എന്‍റെ പാസ്‌വേഡുകളൊന്നു പറഞ്ഞു തരാമോ എന്ന്..

വെയില്‍ വല്ലാതെ പൊള്ളുന്നു.
വിശപ്പും.
എനിക്കെന്‍റെ അമ്മയെ വിളിച്ച് ഉറക്കെ കരയണമെന്നു തോന്നി.
അമ്മേ ..എന്നെ ഒന്നു പേര് ചൊല്ലി വിളിക്കാമോ..?
എന്തായിരുന്നു എന്‍റെ പേര് ..?

Followers