October 19, 2008

സൗഹൃദ ദിനം

സൗഹൃദം പടിഞ്ഞാറ് നിന്നു പാറി വന്നപ്പോള്‍
എന്‍റെ സുഹൃത്ത് സെമിത്തേരിയില്‍ നിന്നു കുഴി മാന്തിയെഴുന്നേറ്റു.

എന്‍റെ സുഹൃത്ത്.
കഴുകന്‍.
എന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത്‌ കണ്ണാടി തീര്‍ത്തവന്‍.
വെളുത്ത പ്രാക്കളും നനുത്ത സ്വപ്നങ്ങളും
അവന്‍റെ അന്നം.

ആര്‍ച്ചീസ് ഗ്യാലറിയില്‍ നിന്നു
ഒരു പുഞ്ചിരിയും
കുയിലിന്‍റെ പാട്ടും
പാവക്കുട്ടിയുടെ ചുണ്ടുകളും മുയല്‍ക്കുഞ്ഞിന്റെ
ചെവിയും
ഫ്രണ്ട്ഷിപ്പ് ബാന്‍ഡില്‍ കുറുക്കിയെടുത്ത
സൌഹൃദത്തിന്റെ ശവവും സമ്മാനമായി തന്നവന്‍.
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ !!!

അവനിനിയും വരും.
അടുത്ത സൌഹൃദ ദിനത്തിന്.....



October 4, 2008

ഗുല്‍മോഹര്‍ - അങ്ങനെ മലയാളി വീണ്ടും ഗൗരവമുള്ള സിനിമ കാണാന്‍ തുടങ്ങുന്നു.

സിനിമയെന്നാല്‍ പൊള്ളാച്ചിയിലെ പാട്ടുസീനും നായികയുടെ ചെകിട്ടത്തടിക്കലും വരിക്കാശ്ശേരി മനയിലെ മദ്യപാനവും മാത്രമല്ലെന്നത് തീര്‍ച്ചയായും ഒരു നല്ല തിരിച്ചറിവാണ്. അലസമായ വിനോദത്തിനു വേണ്ടിയുള്ളതല്ലാത്ത സിനിമ എന്താണെന്ന് ഗുല്‍മോഹര്‍ കാണിച്ചു തരുന്നു.

പ്രമേയത്തില്‍ തലപ്പാവുമായി പ്രകടമായ സാമ്യമുണ്ട്‌. രണ്ടിന്‍റെയും വിഷയം എഴുപതുകളിലെ വിപ്ലവത്തിന്‍റെ ഇടിമുഴക്കം തന്നെ.

ഗുല്‍മോഹറിനെ ശ്രദ്ധേയമാക്കുന്ന ഘടകം രഞ്ജിത്തിന്റെ അഭിനയം തന്നെ. തിരക്കഥാകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മൂന്നാം കിട കച്ചവട മസാലകളല്ലാതെ രഞ്ജിത്ത് മലയാള സിനിമക്കു കാര്യമായ സംഭാവനകളൊന്നും നല്‍കിയിട്ടില്ല (കൈയൊപ്പ്‌ ഒഴികെ !). പക്ഷെ നടനെന്ന റോളില്‍ വിസ്മയിപ്പിക്കുന്നു! അത്രയ്ക്ക് ഉജ്വലമാണ് രഞ്ജിത്തിന്റെ അഭിനയം !

കിട്ടുന്ന വേഷങ്ങളെല്ലാം മനോഹരമാക്കുന്ന സിദ്ദിക്ക് എന്ന നല്ല നടന്‍റെ പ്രകടനം !

O.N.V -Johnson-Yesudas ടീമിന്‍റെ "കാനനത്തിലെ ജ്വാലകള്‍ " എന്ന മനോഹരമായ ഗാനം ! ഏറ്റവും കുറച്ചു ഉപകരണങ്ങള്‍ കൊണ്ടു, ബഹളങ്ങളില്ലാത്ത ലളിതവും ഹൃദ്യവുമായ ഗാനം എങ്ങനെ സൃഷ്ടിക്കാമെന്ന് Johnson വീണ്ടും തെളിയിക്കുന്നു.

തിരക്കഥയില്‍ അല്പം നാടകീയതയുണ്ട്. അത് അന്ത്യഭാഗങ്ങളില്‍ പ്രകടവുമാണ്‌.
എങ്കിലും ശാന്തം, കരുണം തുടങ്ങിയ മുന്‍ സിനിമകളില്‍ കാണിച്ച സംവിധാനത്തിലെ കയ്യടക്കം കൊണ്ടു ജയരാജ് അതിനെ മറികടക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
ആഡംബരങ്ങളില്ലാത്ത , ഋജുവായ സിനിമയാണ് ഗുല്‍മോഹര്‍.
മനുഷ്യന്റെ മനസ്സിലേക്ക് നന്മയുടെ ഒരു നുറുങ്ങു വെട്ടമെന്കിലും പകരാന്‍ കഴിയുന്നതാവണം കല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ടു തന്നെ ഗുല്‍മോഹര്‍ ഒരു നല്ല സിനിമയെന്നും.

Followers